ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളിൽ ഒരേദിനം തുടക്കമിട്ട് നസ്രിയയും ഫഹദും

മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും ഫഹദ് ഫാസിലും മികച്ച ചിത്രങ്ങളിൽ വേഷമിടുന്ന തിരക്കുകളിലാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ വെള്ളിത്തിരയിൽ വീണ്ടും സജീവമായത്. രണ്ടാം വരവിൽ തെലുങ്കിലേക്കും ചുവടുവയ്ക്കുകയാണ് നടി.  ‘അണ്ടെ സുന്ദരാനികി’ എന്നാണ് നാനി നായകനായെത്തുന്ന ചിത്രത്തിന്റെ പേര്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രകാരണം ആരംഭിച്ചു.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയ തന്നെയായിരുന്നു പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യത്തേത് എന്നും സ്പെഷ്യൽ ആയിരിക്കും. ‘അണ്ടെ സുന്ദരാനികി’ സ്പെഷ്യൽ ആണ്’. നസ്രിയയുടെ വാക്കുകൾ.

അതേസമയം, ഫഹദ് ഫാസിലും തെലുങ്കിലേക്ക് ചേക്കേറുകയാണ്. ഇരുവരും ഒരേ ദിനമാണ് രണ്ടു ചിത്രങ്ങളിലായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ നായകനാകുന്ന പുഷ്പായിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ഫഹദ് ഫാസിലാണ്. വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് എണ്ണമറ്റ അവാർഡുകൾ നേടിയ ഫഹദ് ഫാസിൽ ദേശീയ ശ്രദ്ധനേടിയ താരമാണ്. അതുകൊണ്ടു തന്നെ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രതീക്ഷയും ഏറെയാണ്.

Read More: ഷോക്കേറ്റ് പിടഞ്ഞുവീണ പക്ഷിക്ക് പുതുജീവന്‍ നല്‍കി യുവാവ്: കൈയടിച്ച് സോഷ്യല്‍മീഡിയ

തെലുങ്ക് സിനിമാലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് ഫഹദ് ഫാസിൽ പുഷ്പയിലൂടെ. അഭിനയത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഫഹദിന്റെ പ്രകടനം കാത്തിരിക്കുകയാണ് മലയാളികൾ.

Story highlights- nazriya and fahad fazil starts shooting for telugu movies