‘ഇത് എത്ര അവിശ്വസനീയമായ യാത്രയാണ്’- ഉയരെയുടെ രണ്ടാം വാർഷികത്തിൽ കുറിപ്പുമായി പാർവതി
നടി പാർവതി തിരുവോത്തിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ചയാളുടെ മാനസിക സംഘർഷങ്ങളും വിജയവുമെല്ലാം ഉയരെയിൽ പാർവതി അതിമനോഹരമാക്കി. ആസിഫ് അലിയുടെയും എക്കാലത്തെയും മികച്ച പ്രകടനമാണ് ഉയരെയിൽ കാണാൻ സാധിച്ചത്. ടൊവിനോ തോമസും പ്രധാന വേഷത്തിൽ എത്തിയ ചിത്രം രണ്ടുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. നിരൂപണപരമായും വാണിജ്യപരമായും വിജയമായിരുന്ന ചിത്രത്തെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് നടി പാർവതി.
ആസിഡ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന മുഖമായിരുന്നു പാർവതിക്കായി സിനിമയിൽ ഒരുക്കിയിരുന്നത്. ആ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവതി കുറിക്കുന്നു. “ഉയരെ റിലീസ് ചെയ്തിട്ട് രണ്ടു വർഷങ്ങൾ. റിലീസ് ചെയ്ത ദിനം ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നു..ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ച തരത്തിലുള്ള സ്നേഹത്തിനും സ്വീകാര്യതയ്ക്കും ഞാൻ അപ്പോൾ തയ്യാറായിരുന്നില്ല . ഓരോ അവലോകനത്തിനും, നിങ്ങൾ എല്ലാവരും എന്നോട് പങ്കിട്ട ഓരോ അനുഭവത്തിനും, ചാരത്തിൽ നിന്ന് ഉയരുന്ന നിങ്ങളുടെ കഥകൾക്കും വളരെ നന്ദി! ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ അവരുടെ അനുഭവങ്ങൾ എന്നോടൊപ്പം ഉദാരമായി പങ്കിട്ടതിനാൽ എനിക്ക് പല്ലവിയോട് നീതി പുലർത്താൻ കഴിഞ്ഞു. ഉയരെയുടെ മുഴുവൻ ടീമിനും! ഇത് എത്ര അവിശ്വസനീയമായ യാത്രയാണ്’.
Read More: കൊവിഡ് പ്രതിസന്ധി; ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസ് വീണ്ടും നീട്ടി
കാമുകൻ ആസിഡ് ആക്രമണത്തിന് ഇരയാക്കുമ്പോൾ ചെറുപ്പം മുതലുള്ള പൈലറ്റ് ആകാനുള്ള ആഗ്രഹം ഉപേക്ഷിക്കാൻ നിർബന്ധിതയായ പല്ലവി എന്ന യുവതിയുടെ കഥയാണ് ഉയരെ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിച്ചത് . മനു അശോകനാണ് ചിത്രം സംവിധാനം ചെയ്‌തത്. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാർക്കലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights- parvathi about uyare’s two years