പൃഥ്വിരാജിന് നിർദേശങ്ങൾ നൽകി സംവിധായകൻ മോഹൻലാൽ- ശ്രദ്ധനേടി ചിത്രങ്ങൾ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ വളരെ പ്രധാന വേഷത്തിൽ നടൻ പൃഥ്വിരാജ് സുകുമാരനും എത്തുന്നുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ നായകനായപ്പോൾ ബറോസിൽ പൃഥ്വിരാജിനും ഒരു വേഷം അദ്ദേഹം മാറ്റിവെച്ചു. ഫോർട്ട് കൊച്ചിയിലാണ് ബറോസിന്റെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ, പൃഥ്വിരാജിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.
ഫോർട്ട് കൊച്ചിയിൽ സ്‌കൂൾ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. പ്രധാന താരമായ പാസ് വേഗയുടെ രംഗങ്ങൾ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജിന് നിർദേശം നൽകുന്ന മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരു അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് സൂചന. അതേസമയം, ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായാൽ ബറോസ് ടീം ഗോവയിലേക്ക് പുറപ്പെടും. ബാക്കി ഷെഡ്യൂൾ അവിടെ പൂർത്തിയാക്കാനാണ് പദ്ധതി.
Read More: ‘ഏക് ദോ തീൻ..’ ; ഹിറ്റ് ഗാനത്തിന് വേറിട്ടൊരു വേർഷൻ ഒരുക്കി മാധുരി ദീക്ഷിത്- വിഡിയോ
ഇനിയുള്ള മൂന്നു മാസം ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. അതിനിടയിൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്നത് മോഹൻലാലാണ്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.