സംസ്ഥാനത്ത് ഏപ്രിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഈ മാസം 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14 ന് ശേഷം വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച്ച ഇടുക്കിയിലും ബുധനാഴ്ച്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ ശക്തമാകാനാണ് സാധ്യത. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്.
Story highlights- rain alert kerala