രശ്‌മിക മന്ദാനയ്ക്ക് പിറന്നാൾ ആശംസിച്ച് സിനിമാലോകം; ശ്രദ്ധനേടി ആദ്യ ഓഡീഷൻ വിഡിയോ

ഇന്ത്യൻ സിനിമയിൽ ഏറെ ജനപ്രീതിയുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന. കന്നഡ സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച രശ്‌മിക. ഇപ്പോൾ അഭിനയിക്കുന്നത് ബോളിവുഡ് ചിത്രത്തിലാണ്. ഇപ്പോഴിതാ, നടിയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകം. ഒട്ടേറെ ആരാധകരും സഹപ്രവർത്തകരും രശ്‌മികയ്ക്ക് ആശംസയുമായി എത്തി. എന്നാൽ, ആശംസകളിൽ വേറിട്ടു നിൽക്കുന്നത് നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുടേതാണ്.

രശ്മികയുടെ ആദ്യ സിനിമയായ കിരിക് പാർട്ടിയുടെ ഓഡീഷൻ വിഡിയോ ആണ് രക്ഷിത് ഷെട്ടി പങ്കുവെച്ചിരിക്കുന്നത്. ‘ജന്മദിനാശംസകൾ. ഇതാ, ആദ്യ ചിത്രമായ കിരിക് പാർട്ടിയുടെ ഓഡീഷൻ വിഡിയോ. അന്നുമുതൽ നിങ്ങൾ ഇതുവരെ സഞ്ചരിച്ചു, സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവൾ. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു’- വിഡിയോക്കൊപ്പം രക്ഷിത് ഷെട്ടി കുറിക്കുന്നു. രക്ഷിത് ഷെട്ടി ആയിരുന്നു ചിത്രത്തിൽ നായകനായതും നിർമിച്ചതും.

Read More: സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്നോ- ഹൊറര്‍ ചിത്രം; ചതുര്‍മുഖം ഏപ്രില്‍ എട്ട് മുതല്‍ തിയേറ്ററുകളിലേക്ക്

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് രശ്‌മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്ക്രൂവാല, അമർ ബ്യൂട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ്. 1970 കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിലാണ് ഇപ്പോൾ രശ്‌മിക.

Story highlights- rashmika mandana’s audition video