‘ഞാൻ ഒരു മിഷന് വേണ്ടിയാണ് വന്നത്’; കാത്തിരിപ്പിനൊടുവിൽ ത്രില്ലടിപ്പിച്ച് ‘റോക്കട്രി; നമ്പി എഫക്ട്’ ട്രെയ്‌ലർ

April 1, 2021

ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ എഞ്ചിനിയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ നമ്പി എഫക്ട്’. നടൻ മാധവനാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിനായുള്ള മാധവന്റെ ഒരുക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

ഏറ്റവും ശ്രദ്ധേയമായ കാര്യം ചിത്രത്തിൽ മാധവന് പുറമെ വിവിധ ഭാഷകളിലായി സൂര്യയും ഷാരൂഖ് ഖാനും വേഷമിടുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സൂര്യയും, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിൽ ഷാരൂഖ് ഖാനും വേഷമിടുന്നു. അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

ആറു രാജ്യങ്ങളിലാധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം തന്നെ തിയേറ്റർ റിലീസിന് ഒരുങ്ങിയെങ്കിലും അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. അതേസമയം, ചിത്രത്തിൽ നമ്പി നാരായണന്റെ 27 വയസുമുതൽ 70 വയസ്സുവരെയുള്ള കാലഘട്ടം ചിത്രീകരിച്ചിട്ടുണ്ട്. ഇതിനായി മാധവൻ നടത്തിയ ശാരീരീക പരിവർത്തനങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു. തലയിലെ നരച്ച മുടി മാത്രമാണ് കൃതൃമമായി ചെയ്തത്.

ട്രൈകളർ ഫിലിംസ് ആൻറ് വർഗ്ഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ മാധവൻ, സരിത മാധവൻ, ഡോ. വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 35 വർഷത്തിന് മേലെയായി ഇന്റർനാഷണൽ ബിസിനസ്‌ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ മലയാളിയാണ് ചിത്രത്തിന്റെ നിർമാതാവായ ഡോ. വർഗീസ് മൂലൻ.

ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും ‘റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതുപോലെതന്നെ ‘ഡൗണ്‍ ടൗണ്‍ ആബെ’ നായിക ഫില്ലിസ് ലോഗനും ചിത്രത്തിൽ വേഷമിടുന്നു. അതേസമയം സിമ്രാനും ചിത്രത്തിലെത്തുന്നു. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാനും മാധവനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന സിനിമയില്‍ നമ്പി നാരായണന്റെ ഭാര്യ മീന നമ്പിയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുന്നത്.


‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മാധവനാണ്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്-ബിജിത്ത് ബാല, സംഗീതം-സാം സി.എസ്, പിആര്‍ഒ-ആതിര ദില്‍ജിത്ത്. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്.

Story highlights- Rocketry: the nambi effect trailer