‘ആർദ്രയ്ക്ക് എന്താണ് സംഭവിച്ചത്..’ ; കാവും കുളവും കഥകളുമായി ഭീതിപടർത്തി ‘സ്റ്റാർ’ ട്രെയ്‌ലർ

April 4, 2021

ജോജു ജോർജ് നായകനാകുന്ന ചിത്രമാണ് സ്റ്റാർ. ഇതുവരെ ചിത്രത്തിന്റെ പ്രമേയം പുറത്തുവിടാതിരുന്ന അണിയറപ്രവർത്തകർ ഇപ്പോഴിതാ, ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഹൊറർ ത്രില്ലറാണ് സ്റ്റാർ. ജോജുവിനൊപ്പം ഷീലു എബ്രഹാം, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. മലയാള സിനിമയിൽ വരാനിരിക്കുന്ന ത്രില്ലർ ചിത്രങ്ങളുടെ പാരമ്പരയിലേക്ക് ചേർക്കപ്പെടുകയാണ് സ്റ്റാറും.

ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് ‘സ്റ്റാർ’. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സ്റ്റാർ. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Read More: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി; ‘താരം’ വരുന്നു

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. നവാഗതനായ സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സ്റ്റാർ ഏപ്രിൽ 9 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Story highlights- star movie trailer