‘വല്ലതും കഴിച്ചാരുന്നോ’; കരുതലിന്റെ ചോദ്യവുമായെത്തിയ ആ വൈറല്‍ സൈനികന് ദാ ഇവിടെയുണ്ട്
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വിഡിയോകള്‍ വാക്കുകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതമാണ്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്. ഇരുചക്രവാഹനത്തില്‍ കശ്മീരിലെ മഞ്ഞുമലകള്‍ക്കിടയിലൂടെ യാത്ര ചെയ്യുന്ന ഒരു വ്ളോഗര്‍ക്ക് അരികിലേക്ക് ചിരിയോടെ ഓടിയെത്തിയ സൈനികന്റെ വിഡിയോ. വല്ലതും കഴിച്ചാരുന്നോ എന്ന് സ്നേഹത്തോടെ ചോദിക്കുകയും കൈയിലുണ്ടായിരുന്ന റൊട്ടി നല്‍കുകയും ചെയ്ത ആ സൈനികനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയവരും ഏറെയാണ്.
വിപിന്‍ ചിത്രന് എന്നാണ് ഈ സൈനികന്റെ പേര്. കായംകുളം സ്വദേശിയാണ് ഇദ്ദേഹം. നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും സൈനികന്റെ കരുതലും സ്നേഹവും നിറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും നിറയുന്നുണ്ട്. വിഡിയോയിലൂടെ വൈറലായതിന്റെ സന്തോഷമുണ്ട് വിപിന്റെ മുഖത്ത്.
Read more: മദ്യലഹരിയില്‍ ചെയ്തതല്ല, സനൂപ് ഗംഭീര ഡാന്‍സര്‍: റാസ്പുടിന് ‘കുടിയന് വേര്‍ഷന്റെ’ യഥാര്‍ത്ഥ കഥ
ജമ്മുകശ്മീരിലെ ബിനിഹാള് എന്ന പ്രദേശത്തുവെച്ചായിരുന്നു വ്ളോഗര്ക്കരികിലേക്ക് സൈനികന് സ്നേഹവുമായെത്തിയത്. തീര്‍ത്തും ഒറ്റപ്പെട്ട ഒരു പ്രദേശംകൂടിയാണ് ബിനിഹാള് എന്നും യാദൃശ്ചീകമായാണ് വ്ളോഗറെ കണ്ടത് എന്നും വിപിന്‍ ചിത്രന് പറയുന്നു. വണ്ടി നമ്പര്‍ കണ്ടപ്പോള്‍ മലയാളിയാണെന്ന് മനസ്സിലാക്കി ‘കെ എല്‍ 01 അവിടെ നിക്ക്’ എന്നു പറയുകയായിരുന്നു. അരികിലേക്ക് ഓടിയെത്തി വിശേഷങ്ങള്‍ തിരക്കി. പിന്നെ കൈയിലുണ്ടായിരുന്ന ഭക്ഷണവും നല്കി. ഒരുപാട് യാത്രക്കാര്‍ക്ക് ഇതുപോലെ വിപിന്‍ ഭക്ഷണം നല്‍കിയിട്ടുമുണ്ട്.
Story highlights: Story of viral army man’s love and care