മദ്യലഹരിയില്‍ ചെയ്തതല്ല, സനൂപ് ഗംഭീര ഡാന്‍സര്‍: റാസ്പുടിന്‍ ‘കുടിയന്‍ വേര്‍ഷന്റെ’ യഥാര്‍ത്ഥ കഥ

April 26, 2021
Real story behind Rasputin drunken version

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന്‍ തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചെയ്ത നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.

എന്നാല്‍ ‘റാസ്പുടിന്‍ കുടിയന്റെ വേര്‍ഷന്‍’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കാഴ്ചയില്‍ മദ്യലഹരിയിലുള്ള ഒരാള്‍ റാസ്പുടിന്‍ ഗാനത്തിന് ചുവടുവയ്ക്കുന്നതായി തോന്നും. എന്നാല്‍ ചുവടുകള്‍ കണ്ടപ്പോള്‍ പലരും പറഞ്ഞു അദ്ദേഹം ഒരു കിടിലന്‍ ഡാന്‍സര്‍ ആണെന്ന്.

തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ സനൂപ് കുമാറാണ് വിഡിയോയിലെ താരം. കുടിയനായി അഭിനയിക്കുകയായിരുന്നു ഈ ഡാന്‍സ്പ്രകടനത്തില്‍ സനൂപ്. ഒരു അറിയപ്പെടുന്ന നര്‍ത്തകനാണ് സനൂപ് കുമാര്‍. ബി എച്ച് ഡാന്‍സ് ട്രൂപ്പിന്റെ ഉടമ. കുന്നംകുളം താവൂസ് സിനിമാ തിയേറ്ററിലെ ജീവനക്കാരന്‍ കൂടിയാണ് ഈ യുവാവ്.

അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന്‍ എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന്‍ ഗാനത്തെ വിശേഷിപ്പിക്കാം.

Story highlights: Real story behind Rasputin drunken version