പതിനഞ്ചു വർഷങ്ങൾക്ക് ശേഷം കാക്കി അണിയാൻ കമൽ ഹാസൻ
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തിരക്കിലായിരുന്ന കമൽ ഹാസൻ സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. വിക്രം എന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. 2006ൽ തൂങ്കാവനം എന്ന ചിത്രത്തിലാണ് കമൽ അവസാനമായി പോലീസ് വേഷത്തിൽ എത്തിയത്. പിന്നീട് അഭിനയിച്ച വേട്ടയാട് വിളയാട് എന്ന ചിത്രത്തിലും പോലീസ് വേഷത്തിൽ ആയിരുന്നെങ്കിലും യൂണിഫോമിൽ എത്തിയിരുന്നില്ല.
അതേസമയം, ചിത്രത്തിൽ കമൽ ഹാസനൊപ്പം വില്ലൻ വേഷത്തിൽ എത്തുന്നത് നടൻ ഫഹദ് ഫാസിൽ ആണ്. ഒരു അഭിമുഖത്തിലാണ് ചിത്രത്തിൽ വേഷമിടുന്നതായി കമൽ ഹാസൻ പങ്കുവെച്ചത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
Read More: ‘അരവിന്ദ് കരുണാകരന് സല്യൂട്ട്’- ചിത്രീകരണം പൂർത്തിയാക്കി ദുൽഖർ സൽമാൻ
അതേസമയം, കമൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണ് ഇന്ത്യൻ 2. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ വിവേക് ആദ്യമായി കമൽ ഹാസനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രത്തിൽ ഐശ്വര്യ രാജേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.
Story highlights- vikram movie kamal hassan character