‘കേരളത്തിന് അഭിമാനം… ഭാരതത്തിന് അന്തസ്’; ജെനി ജെറോമിന് അഭിനന്ദന പ്രവാഹം
കേരളത്തിന് മുഴുവൻ അഭിമാനമായാണ് തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം സ്ഥാനമേറ്റത്. തീരദേശപ്രദേശമായ കൊച്ചുതുറ സ്വാദേശിയാണ് ജെനി ജെറോം. 23 വയസുകാരിയായ ജെനിയ്ക്ക് അഭിനന്ദനപ്രവാഹവുമായി എത്തുകയാണ് കേരളക്കര. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ജെനി ജെറോമിന് അഭിനന്ദനവുമായി എത്തിയിരുന്നു.
‘കേരളത്തിൻ്റെ അഭിമാനമായി മാറിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു’. എന്നാണ് പിണറായി വിജയൻ കുറിച്ചത്.
ഇപ്പോഴിതാ ജെനി ജെറോമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം മല്ലിക സുകുമാരൻ.
‘കേരളത്തിന് അഭിമാനം.. ഭാരതത്തിന് അന്തസ്.. ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങൾ നിന്നെക്കുറിച്ച് അഭിമാനം മാത്രം, ദൈവം അനുഗ്രഹിക്കട്ടെ ജെനി’ എന്നാണ് മല്ലിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Read also:ടിവി, വൈഫൈ, കൂളർ..അത്യാവശ്യ സൗകര്യങ്ങൾ ഒക്കെയുള്ള ഒരു മോഡേൺ ഓട്ടോറിക്ഷയാണിത്
കഴിഞ്ഞ ശനിയാഴ്ചയാണ് ജെനി ജെറോം ആദ്യമായി വിമാനം പറത്തിയത്. ശനിയാഴ്ച രാവിലെ 10.25 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള എയർ ഇന്ത്യ അറേബ്യ വിമാനമാണ് ജെനി ജെറോം പറത്തിയത്.
Story Highlights: 23-Year-Old Jeni Jerome Becomes First Woman Commercial Pilot Of The State