അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 24, 2021
auto riksha

ഭാഗ്യം കൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ടു…എന്ന് പറഞ്ഞ് കേൾക്കാറില്ലേ. അത്തരത്തിൽ ഭാഗ്യം തുണയായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ മരം അടർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മരം വീഴുന്ന ആഘാതത്തിൽ ഓട്ടോറിക്ഷ തകരുന്നതും വിഡിയോയിൽ ദൃശ്യമാണ്. കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ച വിഡിയോയിൽ നിന്നും വളരെ അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ഓട്ടോറിക്ഷാ ഡ്രൈവർ.

മുംബൈയിലാണ് സംഭവം നടന്നത്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മരം, റോഡിലൂടെ പോകുകയായിരുന്ന വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്. വാഹനത്തിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കാനും കാരണമായി. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ ഡ്രൈവറുടെ അത്ഭുതകരമായ രക്ഷപെടലിന്റെ ആശ്വാസത്തിലാണ് കാഴ്ചക്കാർ.

അതേസമയം മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വാഹനങ്ങൾ സ്പീഡ് കുറച്ച് ഓടിക്കുക

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.

ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.

വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.

മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

Story Highlights:Auto-rickshaw driver escape from big tree fall