മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച യാക്കൂബാ; 70 കാരൻ സ്വീകരിച്ചത് പരമ്പരാഗത മാർഗം

70-year-old transforms barren land into forest

കടുത്ത വേനലിൽ ജലക്ഷാമവും വരൾച്ചയും നേരിടുന്ന പ്രദേശങ്ങൾ നിരവധിയാണ്… ഇത്തരം വരൾച്ചാ ബാധിതപ്രദേശങ്ങളിലെ ദുരന്ത കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളിൽ വരൾച്ചയെ അതിജീവിച്ച് പച്ചപ്പ് വിളയിച്ച ഒരു മനുഷ്യന്റെ കഥയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്.

യാക്കൂബാ സവാഡോഗോ എന്ന 70 കാരൻ ആഫ്രിക്കയിലെ മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ചത് വളരെ വ്യത്യസ്തമായ ഒരു മാർഗത്തിലൂടെയാണ്. ‘സായ്’ എന്ന പരമ്പരാഗത മാർഗമാണ് ഇതിനായി യാക്കൂബാ പരീക്ഷിച്ചത്. വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ വരൾച്ചയുടെ കാലഘട്ടത്തിലാണ് യാക്കൂബാ വരൾച്ചയെ അതിജീവിക്കാൻ പുതിയ മാർഗവുമായി എത്തിയത്. ആഫ്രിക്കയുടെ വടക്ക്- പടിഞ്ഞാറ് ഭാഗമായ ബുർക്കിനാ ഫാസോ പ്രദേശത്ത് മഴ വളരെ കുറവായി മാത്രമാണ് ലഭിച്ചിരുന്നത്. ഇത് ഇവിടുത്തെ പ്രദേശവാസികളെ ഈ സഥലത്തുനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിന് പ്രേരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് യാക്കൂബാ സായ് മാർഗത്തിലൂടെ ഈ പ്രദേശത്തിന് താങ്ങായി എത്തിയത്.

മരുഭൂമി പ്രദേശത്ത് ചെറിയ കുഴികൾ ഒരുക്കി അവിടെ ജൈവവളങ്ങൾ സൂക്ഷിച്ചു. അതിൽ ചെറിയ വിത്തുകൾ പാകി. ഇതോടെ ഇവിടെ ലഭിക്കുന്ന ചെറിയ മഴവെള്ളം പോലും ആവിയായി പോകാതെ ഈ കുഴികളിൽ ഈർപ്പമായി നിന്നു. ഇതിൽ നിന്നും വിത്തുകളും മറ്റും മുളച്ച് മരങ്ങളും ചെടികളുമായി വളർന്നു. ഇത്തരത്തിൽ ചെടികൾ വളർന്നത് ഈ പ്രദേശത്ത് വരൾച്ച തടയുന്നതിനും പച്ചപ്പ് വിരിയുന്നതിനും കാരണമായി. ഇതിനോട് ചേർന്നായി ഒരു തടാകം കൂടി യാക്കൂബാ നിർമിച്ചിരുന്നു. ഇത് വെള്ളത്തെ ശേഖരിച്ചുവയ്ക്കുന്നതിനും സഹായകമായി.

Read also:എണ്ണിയാലൊടുങ്ങാത്ത ശിഖരങ്ങൾ; വെട്ടിയാൽ രക്ത നിറം- അത്ഭുതമായി ‘ഡ്രാഗൺ ബ്ലഡ്’ മരം

വർഷങ്ങൾക്ക് ശേഷം ഈ പ്രദേശത്ത് വീണ്ടും വരൾച്ച ബാധിച്ചപ്പോൾ ഈ പ്രദേശം മാത്രം ഇതിൽ നിന്നും ഒഴിവായി. ഇതോടെ മരുഭൂമിയെ തടഞ്ഞുനിർത്തിയ ഈ മനുഷ്യനെത്തേടി നിരവധി പുരസ്കാരങ്ങളും എത്തി. 2020 ൽ യു എന്നിന്റെ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

Story Highlights:70-year-old transforms barren land into forest