പഴയ ചിത്രങ്ങളിലൂടെ സ്‌കൂൾ ഓർമ്മകളിലേക്ക് മടങ്ങി അഹാന കൃഷ്ണ

May 15, 2021

അഭിനയ ജീവിതവും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന യൂട്യൂബ് ചാനലും നടി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, കേരളം മറ്റൊരു ലോക്ക്ഡൗൺ അഭിമുഖീകരിക്കുമ്പോൾ സ്‌കൂൾ കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി.

സഹോദരി ഹൻസികയുടെ അഡ്മിഷന്റെ കാര്യങ്ങൾക്കായി പഠിച്ച സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം എത്തിയപ്പോഴാണ് അഹാന പഴയ ഓർമ്മകൾ നിറഞ്ഞ ചിത്രങ്ങളിലൂടെ വീണ്ടും പോയത്. ‘എന്റെ സ്കൂളിന്റെ ഗ്രേഡ് 1 ഇടനാഴിയിൽ’ എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം ഹോളി എയ്‌ഞ്ചൽസ് സ്‌കൂളിലെ ഓർമ്മകളാണ് നടി പങ്കുവയ്ക്കുന്നത്. സ്‌കൂൾ ഇടനാഴിയിലൂടെയുള്ള യാത്ര മനസിന് നൽകുന്ന സന്തോഷം എന്താണെന്നും നടി പങ്കുവയ്ക്കുന്നു.

‘ചിലപ്പോൾ നിങ്ങൾക്ക് ഒരു ഊർജസ്വലമായ അനുഭവം ആവശ്യമായി വരുമ്പോൾ ഒരു നാരങ്ങ-സോഡ കുടിച്ചാൽ മതി. മറ്റ് ചില സമയങ്ങളിൽ, ഒരു നല്ല ഡ്രൈവ്, കുറച്ച് അധിക ചീസ് ഉള്ള പിസ്സ അല്ലെങ്കിൽ ഒരു നല്ല സിനിമ പോലും സഹായിക്കും. എന്നാൽ നിങ്ങളുടെ സ്കൂളിന് ചുറ്റുമുള്ള ഒരു നടത്തം മനസിനെ ശാന്തമാക്കാനും സന്തോഷകരമായ ഹോർമോണുകളെല്ലാം നിങ്ങളുടെ ശരീരത്തിൽ തുള്ളിച്ചാടുമെന്നും ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു’- അഹാനയുടെ വാക്കുകൾ.

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read More: ‘കൊവിഡ് കാലത്തിന് മുൻപ് ‘സിലിമ’യിൽ അഭിനയിച്ചിരുന്നവർ’- പതിവുതെറ്റിക്കാതെ വീഡിയോ കോളുമായി ക്ലാസ്സ്‌മേറ്റ്സ്’ ടീം

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story highlights- ahaana krishna school memories