കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…

കൊവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകജനത. ഇന്ത്യയിൽ ഡൽഹി ഉൾപ്പെടെയുള്ള ഇടങ്ങളിൽ വലിയ രീതിയിൽ ഓക്സിജൻ ക്ഷാമവും നേരിടുന്നുണ്ട്. ഇപ്പോഴിതാ ഈ ദുരിതകാലത്ത് മറ്റുള്ളവർക്ക് സേവനം ചെയ്യാനായി ഇറങ്ങിത്തിരിച്ച ഒരു ഓട്ടോ ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുന്നത്. കൊവിഡ് ബാധിതർക്ക് വേണ്ടി സ്വന്തം വാഹനം ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് ജാവേദ് ഖാൻ എന്ന യുവാവ്.

ഭോപ്പാൽ സ്വദേശിയായ ജാവേദിന്റെ നാട്ടിൽ നിരവധിപ്പേരാണ് കൊവിഡ് ബാധിച്ച് ദുരിതമനുഭവിക്കുന്നത്. രോഗബാധിതരായ ആളുകളെ തന്റെ ഓട്ടോറിക്ഷയിൽ കയറ്റി സൗജന്യമായി ആശുപത്രിയിൽ എത്തിക്കുകയാണ് ജാവേദ്. അതിന് പുറമെ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ, സാനിറ്റൈസർ, മരുന്നുകൾ തുടങ്ങിയവയും വാഹനത്തിൽ ജാവേദ് കരുതിയിട്ടുണ്ട്.

Read also:മക്കളെയും കൊച്ചുമക്കളെയും വളർത്താൻ 43 വർഷം പുരുഷനായി ജീവിച്ച വിധവയായ അമ്മ- ഉൾക്കരുത്തിന്റെ കഥ

ഓട്ടോറിക്ഷ ഓടിച്ചാണ് ജാവേദ് കുടുംബത്തെ പോറ്റിക്കൊണ്ടിരുന്നത്. എന്നാൽ കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ ദുരിതമനുഭവിയ്ക്കുന്നവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ തീരുമാനിച്ച ജാവേദ് ഇതിനായി തന്റെ വാഹനം ഉപയോഗിക്കുകയായിരുന്നു. ഇതിനോടകം തന്റെ മൊബൈൽ ആംബുലൻസിലൂടെ നിരവധിപ്പേരെ ജാവേദ് ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞു. ദിവസവും ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്നതിനായി 600 രൂപയോളം ജാവേദിന് ആവശ്യമായി വരാറുണ്ട്. കൂടാതെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും മരുന്നുകൾ വാങ്ങുന്നതിനുമൊക്കെയുള്ള പണം ആവശ്യമാണ്. ഈ ദുരിതത്തിനിടയിലും കൊവിഡ് രോഗബാധിതർക്ക് വേണ്ടി തന്റെ മുഴുവൻ സമയവയും മാറ്റിവെച്ചിരിക്കുകയാണ് ജാവേദ്.

Story highlights:auto driver convert rickshaw into ambulance