ഡ്രാക്കുള കോട്ടയിലേക്ക് എത്തിയാൽ സൗജന്യമായി വാക്സിൻ- വ്യത്യസ്ത ആശയവുമായി റൊമാനിയ
ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ട ലോക പ്രസിദ്ധമാണ്. ഡ്രാക്കുള നോവലിലെ കാർപാത്യൻ മലനിരകളിലെ ഈ കോട്ട സഞ്ചാരികളെ ആകർഷിച്ച് നൂറ്റാണ്ടുകളായി നിലകൊള്ളുകയാണ്. എന്നാൽ, ഇപ്പോൾ ഡ്രാക്കുള കോട്ട വാർത്തകളിൽ ഇടം നേടുന്നത് കൗതുകകരമായ ഒരു വാർത്തയിലൂടെയാണ്.
കോട്ടയിൽ ഒരു കൊവിഡ് -19 വാക്സിനേഷൻ കേന്ദ്രം സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെയെത്തുന്നവർക്ക് സൗജന്യമായി വാക്സിൻ സ്വീകരിക്കാം. പതിനാലാം നൂറ്റാണ്ടിലെ ബ്രാൻ കാസിലിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാ സന്ദർശകർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്. കൊവിഡ് തരംഗം ഉയർത്തിയ പ്രതിസന്ധി ടൂറിസം മേഖലയെയാണ് കൂടുതൽ ബാധിച്ചത്. ഈ അവസരത്തിൽ സഞ്ചാരികളെ ആകർഷിക്കാനായാണ് ഇങ്ങനെയൊരു ആശയം റൊമാനിയ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, പ്രദേശവാസികളെയാണ് കൂടുതലും ലക്ഷ്യമിട്ടിരിക്കുന്നത്.
Read More: കൊവിഡ് അതിജീവനം വിഷ്വൽ ഡയറിയാക്കി മകൾ- വിഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്
മെയ് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും അപ്പോയിന്റ്മെന്റ് ഇല്ലാതെ ആർക്കും കോട്ടയിലെത്തി വാക്സിനും സ്വീകരിക്കാം കോട്ടയും കാണാം. കോട്ട കാണാൻ മാത്രമാണ് സന്ദർശക ഫീസ് ഉള്ളത്. അതേസമയം, സെപ്റ്റംബറോടെ 10 മില്യൺ ആളുകൾക്ക് വാക്സിൻ നൽകാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. മാത്രമല്ല, ഇങ്ങനെ ഒരാശയം കൊണ്ടുവന്നതിനു പിന്നിൽ യൂറോപ്യൻ യൂണിയന്റെ കിഴക്കൻ മേഖലയിൽ റൊമാനിയയിലെ ആളുകളാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന സർവ്വേ റിപ്പോർട്ടാണ് കാരണമെന്നും സൂചനയുണ്ട്. എന്തായാലും പ്രദേശവാസികളെല്ലാം ഡ്രാക്കുള കോട്ടയിലേക്ക് എത്തുന്ന തിരക്കിലാണ്.
Story highlights- Dracula’s Castle In Romania Lures Visitors With Free Covid Vaccine Shots