വീണ്ടും ബോളിവുഡിലേക്ക്; ആർ ബാൽകി ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ

May 26, 2021

മലയാളികളുടെ സ്റ്റൈൽ ഐക്കണായ ദുൽഖർ സൽമാൻ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ച ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ താരമായി വളരുകയാണ്. ബോളിവുഡ് ലോകത്ത് സിനിമാതാരങ്ങൾക്കിടയിൽ തന്നെ ദുൽഖർ സൽമാന് ഒട്ടേറെ ആരാധകർ ഉണ്ട്. ഇപ്പോഴിതാ, വീണ്ടുമൊരു ബോളിവുഡ് ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ.

പ്രസിദ്ധനായ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ബാൽകിയ്ക്ക് ഒപ്പമാണ് ദുൽഖർ സൽമാന്റെ പുതിയ ചിത്രം. ഛായാഗ്രാഹകൻ പി സി ശ്രീറാമാണ് ആർ ബാൽകിക്കൊപ്പം ദുൽഖർ ഒന്നിക്കുന്നതായി പങ്കുവെച്ചത്. ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം. നിലവിലെ കൊവിഡ് സാഹചര്യം മാറിയതിനു ശേഷം സിനിമ ആരംഭിക്കുമെന്നാണ് സൂചന.

Read More: സ്റ്റാർ മാജിക് വേദിയിൽ അനുവിന്റെ വക എൻ സി സി ട്രെയിനിംഗും രസികൻ പരേഡും- വിഡിയോ

‘ബാൽകിയുമായുള്ള എന്റെ അടുത്ത പ്രോജക്റ്റിൽ ദുൽഖർ സൽമാൻ ഉണ്ടാകും. ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണ്. ജോലി ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു’- പി സി ശ്രീറാം ട്വിറ്ററിൽ കുറിക്കുന്നു. 2018 ൽ പുറത്തിറങ്ങിയ ‘കാർവാൻ’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ 2019ൽ ‘സോയ ഫാക്ടർ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചീനി കം, പാ, ഷമിതാഭ്, കി & കാ, പാഡ് മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ആർ ബാൽകി.

Story highlights- Dulquer Salmaan to star in R Balki’s next