സ്ത്രീകൾ ഭരണാധികാരികൾ; അറിയാം കിഹ്നു ദ്വീപിനെക്കുറിച്ച്…
യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും പാരമ്പര്യത്തിലുമെല്ലാം ഈ ദ്വീപ് ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്.
സ്ത്രീകൾ ഭരണാധികാരികൾ ആയിട്ടുള്ള ഇടമാണ് കിഹ്നു ദ്വീപ്. സ്ത്രീകൾക്ക് സമ്പൂർണ്ണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപും ഇതാണ്. ഇവിടെ പുരുഷന്മാർ ഉണ്ടെങ്കിലും സ്ത്രീകളെ തങ്ങളുടെ ഗ്രാമം ഏൽപ്പിച്ച് അതിജീവനത്തിനായി ഇവിടുത്തെ പുരുഷന്മാർ മാസങ്ങളോളം കടലിൽ ആയിരിക്കും. ഈ സാഹചര്യത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതും ഗ്രാമത്തിന്റെ കാര്യങ്ങൾ നോക്കുന്നതും ഇവിടുത്തെ സ്ത്രീകളാണ്. എന്തായാലും ഇവിടുത്തെ നിയമവ്യവസ്ഥയും സാമൂഹിക ജീവിതവുമൊക്കെ ഇവരുടെ കൈയിൽ ഭദ്രമാണ്.
കുട്ടികളെ വളർത്തുക, വസ്ത്രങ്ങൾ ഉണ്ടാക്കുക, ഫാം നടത്തുക, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ നന്നാക്കുക, മൃഗങ്ങളെ പരിപാലിക്കുക, പാടത്ത് ജോലിക്ക് പോകുക തുടങ്ങി എല്ലാ മേഖലകളിലും ഇവിടെ സ്ത്രീകളെ കാണാനാകും. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ എന്നിവയുടെ ചുമതലയും ഇവിടുത്തെ സ്ത്രീകൾക്കാണ്. പരമ്പരാഗത ശൈലിയിൽ വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി കരകൗശല വസ്തുക്കളും ഇവിടുത്തെ സ്ത്രീകൾ നിർമിക്കാറുണ്ട്. മാനവരാശിക്ക് മുന്നിലുള്ള ഏറ്റവും മികച്ച പൈതൃക മാതൃക എന്നാണ് യുനെസ്കോ ഇവിടുത്തെ ജനതയെയും അവരുടെ സംസ്കാരത്തേയും വിശേഷിപ്പിച്ചത്.
Story Highlights: Estonia Kihnu- Isle of Women