‘പെര്‍ഫെക്ട് ഹാപ്പിനെസ്സ്’; ഡാന്‍സ് ടീമില്‍ ഇടം ലഭിച്ച ഡൗണ്‍സിന്‍ഡ്രോം ബാധിതയായ പെണ്‍കുട്ടിയുടെ സന്തോഷച്ചിരി

May 27, 2021
Down Syndrome girl' happy tears viral video

ചില ചിരികള്‍ക്ക് ഭംഗിയേറെയാണ്. ഹൃദയത്തില്‍ ആഹ്ലാദം അലതല്ലുമ്പോള്‍ മുഖത്ത് വിരിയുന്ന മനോഹരമായ ചിരികള്‍. സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നതും ഒരു ചിരിയാണ്. ഡാന്‍സ് ടീമില്‍ ഇടം നേടിയ ഒരു പെണ്‍കുട്ടിയുടെ സന്തോഷം.

‘ഇതിലെന്താണ് ഇത്ര വലിയ കാര്യം’ എന്ന് ചോദിക്കാന്‍ വരട്ടെ. ബ്രീ കോക്‌സ് എന്ന പെണ്‍കുട്ടിക്ക് ഇത് അത്ര നിസ്സാരമായ കാര്യമല്ല. കാരണം ഡൗണ്‍സിന്‍ഡ്രോം രോഗാവസ്ഥയിലുള്ള ഈ പെണ്‍കുട്ടിക്ക് ഒരു ഡാന്‍സ് ടീമില്‍ ഇടം ലഭിച്ചത് അത്രമേല്‍ സന്തോഷം പകരുന്ന കാര്യം തന്നെയാണ്.

സ്‌കൂളിലെ ഡാന്‍സ് ടീമില്‍ ഇടം നേടിയതിന്റെ സന്തോഷം തന്റെ പിതാവുമായി പങ്കുവയ്ക്കുന്ന ബ്രീ കോക്‌സിന്റേതാണ് വിഡിയോ. പതിനാല് വയസ്സുകാരിയാണ് ബ്രീ. മറെ സ്വദേശിനിയായ ബ്രീ തന്റെ ജീവിതത്തിലെ വെല്ലുവിളികളോടും ചിരിച്ചുകൊണ്ടാണ് പോരാടുന്നത്.

Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ച് എംജി ശ്രീകുമാര്‍

സാധാരണ ഡൗണ്‍സിന്‍ഡ്രോം രോഗാവസ്ഥയിലുള്ള കുട്ടികള്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നെല്ലാം അകന്ന് ജീവിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ രോഗാവസ്ഥ സ്വപ്‌നങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കലും തടസ്സമാകില്ലെന്ന് സ്വന്തം ജീവിതംകൊണ്ടു തന്നെ തെളിയിച്ചിരിക്കുകയാണ് ബ്രീ കോക്‌സ്. മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ മിടുക്കിക്ക് നല്‍കുന്ന പ്രോത്സാഹനവും ചെറുതല്ല.

ഡാന്‍സ് ടീമില്‍ ഇടം നേടിയപ്പോള്‍ ബ്രീക്ക് അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നാണ് അമ്മ കെയ്‌സാ കോക്‌സിന്റെ വാക്കുകള്‍. ബ്രിയയുടെ മൂത്ത രണ്ട് സഹോദരിമാര്‍ക്കും സ്‌കൂളിലെ ഡാന്‍സ് ടീമില്‍ ഇടം ലഭിച്ചിരുന്നു. രോഗാവസ്ഥ മൂലം ബ്രീയെ മാറ്റിനിര്‍ത്തുമോ എന്നു മാതാവ് ഭയപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ക്ക് ടീമില്‍ ഇടം ലഭിച്ചതറിഞ്ഞപ്പോള്‍ അവരും ഏറെ സന്തോഷിച്ചു. ഡാന്‍സിനെ ഏറെ ഇഷ്ടപ്പെടുന്ന ബ്രീക്ക് പുതിയ ടീമും കൂടുതല്‍ കരുത്ത് പകരുന്നു.

ബ്രീയുടെ കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ക്കും ഡൗണ്‍സിന്‍ഡ്രോം ഉണ്ട്. എന്നാല്‍ ഈ കുടുംബം മക്കളെയെല്ലാം ചേര്‍ത്തു നിര്‍ത്തുന്നു. മികച്ച പരിശീലനവും പ്രോത്സാഹനവും നല്‍കുന്നു. ശാരീരിക വൈകല്യമുള്ളവരെ അകറ്റി നിര്‍ത്തുകയല്ല കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്ന ബോധവല്‍ക്കരണം കൂടിയാണ് കോക്‌സ് കുടുംബം പകര്‍ന്നു നല്‍കുന്നത്.

Story highlights: Down Syndrome girl’ happy tears viral video