ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശവസംസ്കാരം നടത്തുന്നവർ: കൗതുകം നിറഞ്ഞ ആചാരങ്ങൾക്ക് പിന്നിൽ
സ്വന്തം സംസ്കാര ചടങ്ങുകൾ കാണാൻ ജീവിച്ചിരിക്കുന്നവർക്ക് കഴിയാറില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം സംസ്കാര ചടങ്ങുകൾ നടത്തുന്ന ചിലർ ഇന്നുമുണ്ട്. കൗതുകം നിറഞ്ഞ ഈ ആചാരം ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ ഹ്യുവോൺ ഹീലിംഗ് സെന്ററിലാണ് ഉള്ളത്.
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒന്നാണ് മരണം. പലപ്പോഴും പ്രതീക്ഷിക്കാതെ കടന്നുവരുന്ന ഈ അതിഥിയെ വളരെയധികം ഭയത്തോടെയാണ് പലരും കാണുന്നത്. മരണം എന്ന വാക്ക് കേൾക്കുന്നത് പോലും പലരിലും ഭീതി ജനിപ്പിക്കും. എന്നാൽ മരണമെന്ന സത്യത്തെ ജീവിതത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് സ്വന്തം മരണാന്തര ചടങ്ങുകൾ നടത്തി ദക്ഷിണ കൊറിയയിലെ ഈ സെന്റർ.
സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുത്താൽ ജീവിതത്തിന്റെ അവസാനം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും എന്നാണ് ഇതിലൂടെ പലരും വിശ്വസിക്കുന്നത്. മരണത്തെക്കുറിച്ച് നാം ബോധവാന്മാരായാൽ ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ നമുക്ക് സാധിക്കും എന്നാണ് ഇവിടുത്തുകാർ അഭിപ്രായപ്പെടുന്നത്.
ഈ ചടങ്ങുകൾ തുടങ്ങുന്നതിന് മുൻപായി സംസ്കാര ചടങ്ങിനായുള്ള ഫോട്ടോയ്ക്ക് നാം പോസ് ചെയ്യണം. അതിന് ശേഷം ഇരുണ്ട ശവപ്പെട്ടികൾ നിരത്തിയ മുറിയിലൂടെ സഞ്ചരിക്കണം. ശേഷം പുതുവസ്ത്രം ധരിക്കുക. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള വിൽപ്പത്രം തയാറാക്കണം. അത് മറ്റുള്ളവരുടെ മുൻപിൽ വായിച്ച ശേഷം ലൈറ്റ് അണയ്ക്കും. തുടർന്ന് നിശബ്ദരായി തങ്ങളുടെ ശവപ്പെട്ടികളിൽ 10 മിനിറ്റോളം കിടക്കും. ഈ അനുഭവം തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെ നോക്കിക്കാണാനും ഇനിയുള്ള ജീവിതത്തിന് ഊർജം പകരനുമാണെന്ന് ഇവിടുകർ വിശ്വസിക്കുന്നു.
2012 ലാണ് ഈ കേന്ദ്രം ഇവിടെ ആരംഭിച്ചത്. അതിന് ശേഷം ഏകദേശം 24,000 ലധികം ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.
Story Highlights:free funeral for the living