ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും: സോയ അഗർവാൾ

May 26, 2021
:zoya agarwal

തൊണ്ണൂറുകളിൽ ഒരു സാധാരണ കുടുംബത്തിൽ പിറന്ന പെൺകുട്ടി…പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാതിരുന്ന കുടുംബത്തിൽ നിന്നായതുകൊണ്ടുതന്നെ ഒരു സാധാരണ പെൺകുട്ടിയായി സോയ അഗർവാളും വളർന്നു. എങ്കിലും ആരും അറിയാതെ ആരോടും പറയാതെ അവളുടെ ഉള്ളിലും ഒരു മോഹം ഉണ്ടായിരുന്നു. എട്ട് വയസുമുതൽ ഒരു പൈലറ്റാകാൻ അവളും ആഗ്രഹിച്ചു. ആകാശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടാൽ ടെറസിലേക്ക് ഓടും. വിമാനത്തിൽ കയറിയാൽ നക്ഷത്രങ്ങളെ തൊടാമല്ലോ എന്ന ചിന്തയും കുഞ്ഞു സോയയിൽ വളർന്നു.

അവൾക്കൊപ്പം അവളുടെ ആഗ്രഹങ്ങളും വളർന്നു. ഇന്നിപ്പോൾ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കിയ ഒരു പെൺകുട്ടി മാത്രമല്ല സോയ, ലോകത്തിലെ ഏറ്റവും നീളമേറിയ ആകാശ പാത താണ്ടി ചരിത്രം കുറിച്ച പെൺ പടകളുടെ ക്യാപ്റ്റൻ കൂടിയാണ് സോയ.

ജനുവരിയിലാണ് വനിതകൾ മാത്രം ഉള്ള വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും ബെംഗളൂരു വരെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ആകാശപാത താണ്ടിയത്. 17 മണിക്കൂർ നിർത്താതെ വിമാനം പറത്തിയാണ് ഇവർ ചരിത്രത്തിലേക്ക് കടന്നത്. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് ക്യാപ്റ്റൻ സോയ അഗർവാളും.

Read also:‘കേരളത്തിന് അഭിമാനം… ഭാരതത്തിന് അന്തസ്’; ജെനി ജെറോമിന് അഭിനന്ദന പ്രവാഹം

പഠനത്തിൽ മികവ് പുലർത്തിയ സോയ ബിരുദ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ഏവിയേഷൻ കോഴ്‌സിനും ചേർന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ മൂന്ന് വർഷം. എങ്കിലും റാങ്കോടെ ബിരുദം പാസായ സോയ, അച്ഛന്റെ സഹായത്തോടെ ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയെങ്കിലും രണ്ട് വർഷത്തോളം കാത്തിരുന്നതിന് ശേഷമാണ് സോയയ്ക്ക് ജോലി ലഭിക്കുന്നത്.

2004 ലാണ് ആദ്യമായി സോയ വിമാനം പറത്തിയത്. പിന്നീടങ്ങോട്ട് സ്വപ്നം കണ്ടതുപോലെ നക്ഷത്രങ്ങളെ തൊട്ടുകൊണ്ടുള്ള യാത്രകൾ. കൊറോണക്കാലത്ത് വിദേശത്ത് നിന്നും ഇന്ത്യക്കാരെ ഉൾപ്പെടെ സ്വന്തം നാട്ടിലെത്തിക്കുന്നതിൽ ഉള്ള റെസ്ക്യൂ ഓപ്പറേഷൻ ടീമിൽ ഒരാളായും സോയ ഉണ്ടായിരുന്നു.

‘ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും. അതാണ് പിന്നീടുള്ള ജീവിതത്തിന് ധൈര്യം നൽകുന്നത്’- സോയ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചത്.

Story Highlights:zoya agarwal created history by flying worlds longest air route