അട്ടപ്പാടിയിലെ ഊരുകളിലേക്ക് ഭവാനിപ്പുഴ താണ്ടി പോകുന്ന ആരോഗ്യപ്രവർത്തകർ- സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമെന്ന് ആരോഗ്യമന്ത്രി
വളരെ പ്രതികൂലമായൊരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കേരളത്തെ സംബന്ധിച്ച് ഗ്രാമപ്രദേശങ്ങളിലും കാടുകൾക്കുള്ളിലെ പ്രദേശങ്ങളിലുമെല്ലാം ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഒട്ടേറെ ആരോഗ്യപ്രവർത്തകരാണ് ഇങ്ങനെ മലയും പുഴയും കാടുമൊക്കെ കടന്ന് ആദിവാസി ഊരുകളിൽ സേവനമനുഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ താണ്ടി പോകുന്ന ആരോഗ്യപ്രവർത്തകരെ കുറിച്ച് പങ്കുവയ്ക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോർജ് .
ആരോഗ്യമന്ത്രിയുടെ കുറിപ്പ്;
അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ചു കടന്നു പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചു. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി.
ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടര്‍ സുകന്യ പറഞ്ഞു. ഡോക്ടര്‍ സുകന്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹാഭിവാദ്യം.
സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Story highlights- Health minister about health workers