അതിജീവനത്തിന്റെ കാലത്ത് ആദരവോടെ ഓർക്കാം മാലാഖമാരെ; ഇന്ന് നഴ്സുമാരുടെ ദിനം
ഒരു മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി ലോകം ഒരുവർഷത്തിലധികമായി കഠിന പരിശ്രമത്തിലാണ്. കൊവിഡ് രോഗികൾ വർധിച്ച് പ്രതികൂല സാഹചര്യം കൂടുതൽ വഷളാകുമ്പോഴും പരാതികളില്ലാതെ, രാപ്പകൽ വ്യത്യാസമില്ലാതെ ആതുരസേവന രംഗത്തുള്ളവർ സജീവമാണ്. രോഗികൾ വർധിക്കുംതോറും മാനസിക സമ്മർദ്ദം വർധിച്ചും, ജോലിഭാരം കാരണം ശാരീരികമായി തളർന്നും അവർ പോരാടുന്നത് ലോകത്തിനായാണ്. അതിജീവനത്തിന്റെ ഈ കാലത്ത് ആദരവോടെ നമുക്കായി പ്രവർത്തിക്കുന്ന മാലാഖമാരെ ഓർമിക്കാം, ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം.
എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുമ്പോൾ ലോകത്തിനായി ആരോഗ്യപ്രവർത്തകർ സ്വയം സമർപ്പിക്കുകയാണ്. കൊവിഡ് രൂക്ഷമാകുന്നതിനൊപ്പം ഒട്ടേറെ ആരോഗ്യപ്രവർത്തകരെയും നഷ്ടമായി. എന്നിട്ടും അവർ മറ്റുള്ളവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുമ്പോൾ നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ ധൈര്യത്തിനും അർപ്പണബോധത്തിനും സഹിഷ്ണുതയ്ക്കും അഭിവാദ്യം അർപ്പിക്കേണ്ടതുണ്ട്.
2020ൽ ആരംഭിച്ച് ഏകദേശം രണ്ട് വർഷത്തിനുള്ളിൽ, ലോകത്ത് 160 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളും 3 ദശലക്ഷത്തിലധികം മരണങ്ങളും സംഭവിച്ചുകഴിഞ്ഞു. എന്നിട്ടും സാഹചര്യത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ കോടിക്കണക്കിനു ആളുകളെ ആരോഗ്യരംഗം രക്ഷിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020 ഡിസംബർ 31 വരെ 34 രാജ്യങ്ങളിലായി 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു.
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ഭീതി പരത്തുമ്പോൾ നഴ്സുമാരുടെ ജോലിഭാരവും വർധിച്ച സാഹചര്യമാണ്. ഭയപ്പെടുത്തുന്ന തൊഴിൽ സാഹചര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ഇവർ സേവനം ചെയ്യുന്നു. മാത്രമല്ല, അവർ ഒട്ടും പരിരക്ഷിതരുമല്ല. കാരണം, രോഗികളോടൊത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ മറ്റു മെഡിക്കൽ പ്രൊഫഷണലുകളെക്കാൾ രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
Read More: കൊവിഡ് ഭേദമായ ശേഷം ഡയറ്റ് ശീലമാക്കാം; നിർദേശങ്ങളുമായി സമീറ റെഡ്ഢി
വളരെ ആത്മധൈര്യം ആവശ്യമുള്ള സാഹചര്യങ്ങളാണ് മുന്നിലുള്ളത്. പല ആരോഗ്യപ്രവർത്തകരും കുടുംബത്തെ കണ്ടിട്ടും നാളേറെയായി. രോഗികൾക്കൊപ്പം ഇടപഴകിയിട്ട് വീട്ടിലേക്ക് എത്തുന്നതിനും അവർക്ക് പരിമിതിയുണ്ട്. അതിനാൽ തന്നെ ഈ കൊവിഡ് കാലത്ത് സാധാരണക്കാരായ ജനങ്ങൾ ഏറ്റവുമധികം കടപ്പെട്ടിരിക്കേണ്ടത് ആതുര സേവകരോടാണ്. നഴ്സുമാർക്കുംമറ്റു മുൻനിര പോരാളികൾക്കും അവരുടെ ജോലി ചെയ്യാനും സുരക്ഷിതമായിരിക്കാനും ആവശ്യമായ എല്ലാ പിന്തുണയും ജനങ്ങൾ ഉറപ്പാക്കണം.
Story highlights- international nurses day 2021