അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ആ ജീവത്യാഗിയായ മാലാഖയുടെ മുഖം- ലിനി ഓർമ്മകളിൽ കെ കെ ശൈലജ

May 21, 2021

കഴിഞ്ഞ ഒന്നര വർഷമായി ലോകമെമ്പാടും പടർന്നുപിടിച്ച മഹാമാരിക്ക് മുൻപ് കേരളം വിറങ്ങലിച്ചു നിന്ന ഒരു പകർച്ചവ്യാധിയായിരുന്നു നിപാ. കോഴിക്കോട് മാത്രമായിരുന്നു രോഗബാധയെങ്കിലും വളരെയധികം ആശങ്കയും നഷ്ടങ്ങളും നിപാ സൃഷ്ടിച്ചു. അന്ന് രോഗം ബാധിച്ചവരിൽ 18 പേരിൽ 16 പേരും മരണമടഞ്ഞു. രോഗികൾക്കിടയിൽ രാപ്പകളില്ലതെ സ്വന്തം ആരോഗ്യം നോക്കാതെ പ്രവർത്തിച്ച് മരണം കവർന്ന ലിനി എന്ന മാലാഖയുടെ മുഖം മലയാളികൾക്ക് മറക്കാനാകില്ല. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രവർത്തന മികവ് ലോകമറിഞ്ഞത് നിപാ പ്രതിരോധത്തിലൂടെയായിരുന്നു. അന്ന് ഏറെ നൊമ്പരപ്പെടുത്തി യാത്രയായ ലിനി സിസ്റ്ററുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കെ കെ ശൈലജ.

ഫേസ്ബുക്ക് പോസ്റ്റ്;

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ..

Story highlights- k k shylaja about lini sister