ഷൈലജ ടീച്ചറായി രേവതി; ക്യാരക്ടർ പോസ്റ്റർ കണ്ട് അമ്പരന്ന് ആരാധകർ

May 12, 2019

കേരളക്കര പേടിയോടെ മാത്രം ഉറങ്ങിയെണീറ്റ ദിനങ്ങളായിരുന്നു നിപാ വൈറസ് കേരളത്തെ കീഴടക്കിയ ദിനങ്ങൾ. കേരളത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് സിനിമയാകുന്നുവെന്നറിഞ്ഞതുമുതൽ ആരാധകരിൽ ആകാംഷ വാനോളമാണ്. നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നു കയറിയ ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഒരു ക്യാരക്ട്ർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ റോളിലെത്തുന്ന രേവതിയുടെ ക്യാരക്റ്റർ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.  ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതുമുതൽ ഈ കാസ്റ്റിംഗിലെ സാദൃശ്യം കണ്ട് അമ്പരന്നിരുന്നു ആരാധകർ. അത്രമേൽ രൂപ സാദൃശ്യമുണ്ട് രേവതിക്ക് ശൈലജ ടീച്ചറുമായി. ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എങ്ങനെയാണ് ഇത്രയധികം സാമ്യമുള്ളയാളെ കണ്ടുപിടിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിൽ ചോദ്യമുയരുന്നുണ്ട്.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് വൈറസ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.