കെ ആര് ഗൗരിയമ്മ അന്തരിച്ചു; ഓര്‍മയായത് കേരളരാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീസാന്നിധ്യം
കേരള രാഷ്ട്രീയത്തിലെ ധീരനായിക കെ ആര് ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു പ്രായം. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കേരള രാഷ്ട്രീയത്തിലെ ഇതിഹാസം എന്നും കെ ആര് ഗൗരിയമ്മയെ വിശേഷിപ്പിക്കാം. അത്രമേല്‍ കരുത്താര്‍ന്ന ജീവിതമായിരുന്നു വിപ്ലവ നായികയുടേത്. നിയമം പഠിച്ച് വക്കീലായെങ്കിലും രാഷ്ട്രീയം സ്വന്തം തട്ടകമാക്കുകയായിരുന്നു ഗൗരിയമ്മ. 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം. ‘ഗൗരിയമ്മയ്ക്ക് പകരം’ എന്ന് പരിചയപ്പെടുത്താന്‍ കേരളത്തില്‍ത്തന്നെ വേറെയാരുമില്ല. അത്രമേല്‍ തീക്ഷണമായിരുന്നു ആ ഭരണവൈഭവവും കരുത്തും.
ഇരുപത്തിയെട്ടാം വയസ്സിലാണ് കെ ആര് ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. അന്നുതൊട്ടിന്നോളം ജയില്‍വാസവും ഒളിവുജീവിതവും അടക്കം പല പ്രതിസന്ധികളും മറികടന്നാണ് ശക്തമായ, ധീരയായ നക്ഷത്രമായി കേരള രാഷ്ട്രീയത്തില്‍ ശോഭിച്ചതും. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിര്‍ണായകമായ കാര്യങ്ങളിലെ കെ ആര് ഗൗരിയമ്മയുടെ ശക്തമായ ഇടപെടലുകള്‍ എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടും. നിയമസഭയില്‍ ആറ് തവണ മന്ത്രിയായിട്ടുണ്ട് കെ ആര് ഗൗരിയമ്മ. 13 തവണ നിയമസഭാ അംഗവുമായി.
1919 ജൂലൈ 14 ന് ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനാഴി എന്ന ഗ്രാമത്തിലായിരുന്നു കെ ആര് ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഇന്റര്‍മീഡിയറ്റും ബിരുദപഠനവും. പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമം പഠിച്ച് അഭിഭാഷകയായി. ചേര്‍ത്തല കോടതയില്‍ പ്രാക്ടീസും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു കെ ആര് ഗൗരിയമ്മ.
പുന്നപ്ര- വയലാര്‍ സമരത്തിലൂടെയാണ് ഗൗരിയമ്മ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. കേരളത്തിലെ ആദ്യ രവന്യൂ വകുപ്പ് മന്ത്രിയും കെ ആര് ഗൗരിയമ്മയാണ്. പതിനേഴ് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു.
സിപിഎമ്മിലെ ചില അഭിപ്രായവിത്യാസങ്ങളെ തുടര്‍ന്ന് കെ ആര് ഗൗരിയമ്മ 1994 ജനുവരിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. തുടര്‍ന്നായിരുന്നു ജെഎസ്എസിന്റെ രൂപീകരണം. യുഡിഎഫിനോട് കൂറ് പുലര്‍ത്തിയ ജെഎസ്എസ് 2016-ല്‍ മുന്നണി വിട്ടു. അവസാന കാലത്ത് സിപിഎമ്മിനോട് കെ ആര് ഗൗരിയമ്മ അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു. കേരളരാഷ്ട്രീയത്തിലെ പകരക്കാരില്ലാത്ത വ്യക്തിപ്രഭാവമാണ് ഇന്ന് രാവിലെ കാലയവനികയ്ക്ക് പിന്നിലേക്ക് യാത്രയായത്.
Story highlights: K. R. Gouri Amma passed away