‘സഹോദരിമാർ ആദ്യമായി ഒന്നിക്കുമ്പോൾ..’- ‘മരക്കാർ’ ഷൂട്ടിംഗ് അനുഭവവുമായി കീർത്തി സുരേഷ്
തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി. കൊവിഡ് പ്രതിസന്ധി കാരണം സിനിമയുടെ റിലീസ് നീളുകയാണെങ്കിലും ഷൂട്ടിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കീർത്തി.
സിനിമയുടെ ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുകയാണ് കീർത്തിയുടെ സഹോദരി രേവതി. മരക്കാർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രവർത്തിക്കുന്നത്. സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി സുരേഷ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
‘എന്തൊരു മനോഹരമായ ചിത്രം, ഞാൻ ചേച്ചിയോടൊപ്പം ജോലിചെയ്തതിൽ വളരെ സന്തോഷവതിയാണ്. സഹോദരി ഷൂട്ടിംഗിൽ എല്ലാം പരിപാലിക്കുമ്പോൾ കാര്യങ്ങൾ എത്ര എളുപ്പമാണെന്നോ?’- കീർത്തിയുടെ വാക്കുകൾ.
രേവതിയും ഈ ചിത്രം പങ്കുവെച്ചുകൊണ്ട് സഹോദരി കീർത്തിക്കൊപ്പം ജോലി ചെയ്യുന്നത് ഇതാദ്യമാണെന്ന് കുറിക്കുന്നു. ഷൂട്ടിങ്ങിനായി തയ്യാറെടുക്കുന്ന കീർത്തിയെ സഹായിക്കുകയാണ് രേവതി ചിത്രത്തിൽ.
‘ഈ ചിത്രം പങ്കിടാൻ ഞാൻ കുറച്ചുകാലമായി കാത്തിരിക്കുകയാണ്. മരക്കാറിന്റെ സെറ്റുകളിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ജോലിചെയ്യുമ്പോൾ എടുത്ത ഒരു പ്രത്യേക കാൻഡിക് ക്ലിക്കാണിത്! ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യ പ്രോജക്ട്.. ഇനിയും നിരവധി പ്രതീക്ഷിക്കുന്നു. കിറ്റി, നിന്നോടൊപ്പം ജോലി ചെയ്യുന്നത് വളരെ സന്തോഷകരമായിരുന്നു! ഞാൻ നിന്നിൽ വളരെ അഭിമാനിക്കുന്നു, ഒപ്പം നിന്റെ പ്രകടനം നേരിൽ കാണുന്നത് ഒരു ത്രില്ലായിരുന്നു!’- രേവതിയുടെ വാക്കുകൾ.
Read More: കൊവിഡ് കാലത്തെ ഹൃദയം തൊടുന്ന കാഴ്ച; ശ്രദ്ധനേടി ഡോക്ടർ പങ്കുവെച്ച ചിത്രം
അതേസമയം, കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസിനെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, മെയ് 13ന് നിശ്ചയിച്ചിരുന്ന റിലീസ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് 12ലേക്കാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്.
Story highlights- keerthy suresh about revathy suresh