മത്സ്യങ്ങളോടുള്ള ഇഷ്ടം; വീട് അക്വേറിയമാക്കി മാറ്റി ജാക്ക്
പലതരം ഇഷ്ടങ്ങൾ ഉള്ളവരാണ് ഓരോ മനുഷ്യരും. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരും പാട്ട് പാടാൻ ഇഷ്ടമുള്ളവരുമടക്കം ഓരോ മനുഷ്യനും വ്യത്യസ്തനാണ്. നായ, പക്ഷി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരെയും നാം കാണാറുണ്ട്. ഓരോരുത്തരും അവരുടെ ഇഷ്ടങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രകടിപ്പിക്കാറുള്ളതും. ഇപ്പോഴിതാ മത്സ്യങ്ങളോടുള്ള ഇഷ്ടം കാരണം വീട് അക്വേറിയമാക്കി മാറ്റിയ ഒരു യുവാവാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.
ജാക്ക് ഹീത്കോ എന്ന മനുഷ്യനാണ് ഈ അക്വേറിയ വീടിന് പിന്നിൽ. വീടിന്റെ മൂന്ന് ഭിത്തികൾ മാറ്റി വീടിനകത്ത് ഏഴടി ആഴത്തിൽ ഒൻപത് ടാങ്കുകളാണ് മത്സ്യങ്ങൾക്കായി ജാക്ക് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ മറ്റ് രണ്ട് ടാങ്കുകൾ കൂടി മത്സ്യങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ട്. വീടിനെ അക്വേറിയമാക്കി മാറ്റാൻ ഏകദേശം 20 ലക്ഷം രൂപയാണ് ജാക്ക് മുടക്കിയത്.
വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നിരവധി മീനുകളാണ് ഈ അക്വേറിയത്തിൽ ഉള്ളത്. 50 ലധികം പെർച്ച് മത്സ്യങ്ങൾ ഈ അക്വേറിയത്തിലുണ്ട്. അതേസമയം പത്ത് വയസുമുതലാണ് ജാക്കിന് മത്സ്യങ്ങളോടുള്ള ഇഷ്ടം തുടങ്ങിയത്. ബ്ലാക്ക് പൂളിലെ അക്വേറിയം സന്ദർശിച്ചപ്പോഴാണ് ആദ്യമായി ജാക്ക് ഒരു മത്സ്യത്തെ വാങ്ങിയത്. അന്ന് ഒരു ഗോൾഡ് ഫിഷുമായി തുടങ്ങിയ ജാക്കിന് ഇന്ന് കൂട്ടായി നിരവധി മത്സ്യങ്ങളുണ്ട്.
Story Highlights; man transforms his house into a giant aquarium