പല ഇടങ്ങളിലായി കുട്ടികൾ; ഗ്രൂപ്പ് ഫോട്ടോയിൽ ഒന്നിപ്പിച്ച് ടീച്ചർ, കൈയടിച്ച് സോഷ്യൽ മീഡിയ
സ്കൂൾ വരാന്തകളിൽ കുട്ടികളുടെ പൊട്ടിച്ചിരികളും കളിതമാശകളും മുഴങ്ങിക്കേൾക്കാതെയാണ് കഴിഞ്ഞ ഒരു വർഷക്കാലം കടന്നുപോയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനമായ സാഹചര്യങ്ങൾക്കാണ് ഈ വർഷവും സാധ്യത. എന്തായാലും ഒരുവർഷം പരസ്പരം കാണാതെ ഒരേ ക്ലാസിൽ പഠിച്ച കുട്ടികളെ ഫോട്ടോയിലൂടെ ഒന്നിപ്പിച്ച ഒരു ടീച്ചറാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ നേടുന്നത്.
നിലമ്പൂർ ഗവൺമെന്റ് മോഡൽ യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ ക്ലാസ്സ് ടീച്ചറായ ഷീജ ടീച്ചറാണ് ഈ ചിത്രത്തിന് പിന്നിൽ. തന്റെ ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങൾ എല്ലാം ശേഖരിച്ച് എല്ലാവരെയും ഫോട്ടോഷോപ്പിലൂടെ ഒന്നിച്ചിരിക്കുകയാണ് ഷീജ ടീച്ചർ. തന്റെ ക്ലാസിലെ കുട്ടികൾക്ക് പരസ്പരം അറിയുന്നതിന് വേണ്ടിയാണ് ടീച്ചർ എല്ലാവരുടെയും ചിത്രങ്ങൾ ചേർത്ത് ഫോട്ടോ എഡിറ്റ് ചെയ്തത്. എന്നാൽ ഈ ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചതോടെ കുട്ടികൾക്കും മാതാപിതാക്കൾക്കും വലിയ സന്തോഷമായി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. കാരണം ഈ ചിത്രം ലഭിച്ചത് മുതൽ തങ്ങളുടെ കുട്ടികൾ കൂടുതൽ ആഹ്ലാദഭരിതരാണ് എന്നാണ് മിക്ക മാതാപിതാക്കളും പറയുന്നത്.
Read also:ഐ.ക്യൂ സ്‌കോറിൽ ഐൻസ്റ്റീനൊപ്പമെത്താൻ വെറും 18 പോയിന്റ് മാത്രം; അത്ഭുതപ്പെടുത്തി നാല് വയസുകാരി
അതേസമയം നിരവധി കുട്ടികളാണ് ഇതിനോടകം സ്കൂളിൽ വരാനും സുഹൃത്തുക്കളെയും ടീച്ചറുമാരെയും കാണാനുമുള്ള ആഗ്രഹം ഷീജ ടീച്ചറോട് വാട്സാപ്പിലൂടെയും ഫോൺ കോളിലൂടെയുമൊക്കെ പ്രകടിപ്പിച്ചത്. കുട്ടികളുടെ ഈ ആവശ്യം തന്നെയാണ് ടീച്ചറെ ഗ്രൂപ്പ് ഫോട്ടോ എന്ന ആശയത്തിലേക്കും എത്തിച്ചത്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിലെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ് സ്കൂൾ കാലഘട്ടം. അതുകൊണ്ടുതന്നെ പഠനം പൂർണമായും ഓൺലൈനിലൂടെ ആകുമ്പോൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നാണ് പലരും കുറിക്കുന്നത്. അതേസമയം മഹാമാരിയുടെ ഈ കലഘട്ടത്തിൽ ഇത്തരം ചെറിയ കാര്യങ്ങൾ പോലും വലിയ സന്തോഷം നൽകുന്നതാണ് എന്നും പലരും പറഞ്ഞുവയ്ക്കുന്നുണ്ട്.
Story Highlights: Memory of school life during pandemic photoshop image goes viral