‘കൊറോണ ഉള്ളോണ്ട് കുഞ്ഞി കുഞ്ഞി എക്സർസൈസ് ചെയ്യണം’; മുക്തയുടെ കണ്മണി തിരക്കിലാണ്- വിഡിയോ
കൊവിഡിന്റെ രണ്ടാം തരംഗം വളരെ രൂക്ഷമായി തന്നെയാണ് ജനങ്ങളെ ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളെ. കാരണം, ഒരുവർഷത്തോളം വീടിനുള്ളിൽ തന്നെ കഴിഞ്ഞ കുട്ടികൾ പുറത്തേക്കിറങ്ങി പഴയ കളികളിലേക്ക് മടങ്ങിയ സമയത്താണ് രണ്ടാം തരംഗം രൂക്ഷമായത്. അതുകൊണ്ടുതന്നെ ഈ വേനലവധിയും വീടിനുള്ളിൽ തന്നെ കഴിയേണ്ടതുണ്ട്. രോഗത്തിൽ നിന്നും രക്ഷ നേടാമെങ്കിലും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന് ആഘാതമാണ് വീടിനുള്ളിൽ കംപ്യൂട്ടറും ഫോണുമായി ഇരിക്കുന്ന അവസ്ഥ സമ്മാനിച്ചിരിക്കുന്നത്.
കൊവിഡ് കാലമല്ലെങ്കിലും പഴയപോലെ കുട്ടികൾ കായികമായി സജീവമാകുന്നത് വിരളമാണ്. എന്നാൽ, നടി മുക്തയുടെ മകൾ കണ്മണി അങ്ങനെയല്ല. കിയാര എന്ന കണ്മണി വീടിനുള്ളിൽ തന്നെ വ്യായാമങ്ങളുമായി സജീവമാണ്. മുക്ത പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘കൊറോണ ഉള്ളോണ്ട് കുഞ്ഞി കുഞ്ഞി എക്സർസൈസ് ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ട് കണ്മണി എന്തൊക്കെ ചെയ്യണം എന്ന് വിശദീകരിക്കുകയും കാണിക്കുകയുമാണ്. സ്റ്റെപ്പുകൾ കയറി ഇറങ്ങണമെന്നും, താവളച്ചാട്ടം ചാടണമെന്നുമൊക്കെയാണ് കണ്മണി പറയുന്നത്.
‘മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ധാരാളം ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാകുന്ന നമ്മുടെ ബാല്യകാലം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ എന്റെ കണ്മണി കുട്ടിയുടെ അവധിക്കാലം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിൽ സമയം പാഴാക്കുന്നതിനുപകരം നൃത്തവും വ്യായാമവുമായി സജീവമാക്കുകയാണ്’- മുക്ത കുറിക്കുന്നു.
Read More: പത്തുവർഷത്തിനുശേഷം റിമ കല്ലിങ്കൽ തമിഴകത്തേക്ക്; ഒപ്പം സായ് പല്ലവിയുടെ സഹോദരിയും
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത നാടൻ വിഭവങ്ങളും നാട്ടുവൈദ്യവുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകൾ കണ്മണിക്കായി എണ്ണ കാച്ചുന്ന വീഡിയോ മുക്ത പങ്കുവെച്ചിരുന്നു.
Story highlights- muktha sharing daughters exercise video