പത്തുവർഷത്തിനുശേഷം റിമ കല്ലിങ്കൽ തമിഴകത്തേക്ക്; ഒപ്പം സായ് പല്ലവിയുടെ സഹോദരിയും

May 10, 2021

പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയാണ് നടി റിമ കല്ലിങ്കൽ. സ്റ്റണ്ട് കൊറിയോഗ്രാഫറായ സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ തമിഴകത്തേക്ക് മടങ്ങുന്നത്. 2011 ൽ ജി‌എൻ‌ആർ കുമാരവേലന്റെ റൊമാന്റിക് ചിത്രമായ യുവൻ യുവതിയിലൂടെ ഭരത്തിന്റെ നായികയായാണ് റിമ കല്ലിങ്കൽ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സംവിധയകനും നിർമാതാവുമായ ആഷിഖ് അബുവുമായുള്ള വിവാഹ ശേഷം നിർമാണ മേഖലയിലാണ് റിമ കല്ലിങ്കൽ സജീവമായത്. ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിൽ നടി വേഷമിട്ടിരുന്നു. അതേസമയം, സിൽവയുടെ പേരിടാത്ത ചിത്രത്തിൽ സമുദ്രക്കനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് പല്ലവിയുടെ അനുജത്തി പൂജ കൃഷ്ണനും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. സംവിധായകൻ വിജയ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

നൃത്തവേദികളിൽ നിന്നുമാണ് സിനിമാലോകത്തേക്ക് റിമ കല്ലിങ്കൽ ചുവടുവെച്ചത്. 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്തു.

Read More: റിലീസിനൊരുങ്ങി സൽമാൻ ഖാൻ നായകനാകുന്ന രാധെ; ചർച്ചയായി പുതിയ മാറ്റങ്ങൾ

2008ൽ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റിമ ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം രംഗനായികയുടെ കീഴിലാണ് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചത്. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസും പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Story highlights- Rima Kallingal returns to tamil movie