ഏഴ് വര്‍ഷം; ബാംഗ്ലൂര്‍ ഡെയ്സിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം. ചിത്രത്തിലെ ചില രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണും മറ്റ് ചില രംഗങ്ങള്‍ മനസ്സും നിറച്ചു.
അഞ്ജലി മേനോനാണ് ‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഏഴ് വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ചിത്രത്തിന്റെ ഓര്‍മകള്‍ ചലത്തിത്രലോകത്തു നിന്നും വിട്ടകന്നിട്ടില്ല. സിനിമയുടെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായെത്തിയ നിവിന്‍ പോളിയും. മനോഹരമായ ഓര്‍മകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ഒരു സ്റ്റില്‍ നിവിന്‍ പോളി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
2014 മെയ് 30 നാണ് ബാംഗ്ലൂര്‍ ഡെയ്സ് തിയേറ്ററുകളിലെത്തിയത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അഞ്ജലി മേനോന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. 8.5 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്സ് ഓഫീസില്‍ 45 കോടി നേടിയിരുന്നു.
Story highlights: Nivin Pauly shares Bangalore Days memmories