നായാട്ടിന് പിന്നാലെ നിഴലും ഒടിടി റിലീസിന്

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. കേരളത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ ചിത്രങ്ങൾ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ചാക്കോ ബോബൻ നായകനായ രണ്ടു ചിത്രങ്ങളാണ് ഓൺലൈൻ റിലീസായി എത്തുന്നത്. നായാട്ട്, നിഴൽ എന്നീ ചിത്രങ്ങളാണ് മെയ് ഒൻപതിന് പ്രേക്ഷകരിലേക്ക് എത്തുന്നത്.

നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട് എത്തുന്നത്. നിഴൽ ആമസോൺ പ്രൈമിലൂടെ മെയ് 9ന് എത്തും. മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും നയൻ‌താരയും ഒന്നിച്ച ചിത്രമാണ് നിഴൽ. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ എഡിറ്റർ അപ്പു എൻ ഭട്ടതിരിയാണ്.

നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയാണ് നിഴൽ.

Story highlights- nizhal o t t release