തമിഴിലേക്ക് ചുവടുവെച്ച് ഷൈൻ ടോം ചാക്കോ; ആദ്യചിത്രം വിജയ്ക്കൊപ്പം

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ചലച്ചിത്രതാരമാണ് ഷൈൻ ടോം ചാക്കോ. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ അന്യഭാഷാ ചിത്രങ്ങളിലും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇളയദളപതി വിജയ്‌ക്കൊപ്പമാണ് താരത്തിന്റെ ആദ്യതമിഴ് ചിത്രം ഒരുങ്ങുന്നത്.

വിജയ്‌യെ നായകനാക്കി സൺ പിക്ചേഴ്സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഷൈൻ ടോം ചാക്കോ അഭിനയിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിടുന്നത് പൂജ ഹെഗ്‌ഡെയാണ്. മലയാളി താരം അപർണ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…

അതേസമയം മാസ്റ്ററിന്റെ ശേഷം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ശിവകാർത്തികേയൻ നായകനാകുന്ന ഡോക്‌ടർ എന്ന ചിത്രമാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. വൂൾഫ്, കുറുപ്പ്, വെള്ളേപ്പം തുടങ്ങി ഷൈൻ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights: Shine Tom Chacko Join Hands With Vijay