മഴയെത്തും മുൻപേ: ഭക്ഷണം മുതൽ വസ്ത്രധാരണം വരെ, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. മഴക്കാലം കൂടി എത്തുന്നതോടെ കൊറോണ വൈറസിനൊപ്പം പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശുചിത്വവും ഭക്ഷണക്രമവുമെല്ലാം ഏറെ കരുതലോടെ വേണം. അതുകൊണ്ടുതന്നെ മഴക്കാലത്ത് കരുതിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്ന് നോക്കാം..
ഭക്ഷണക്രമം ശ്രദ്ധിക്കാം :മഴക്കാലത്ത് ഏറ്റവുമധികം കരുതൽ വേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. ചൂടാക്കിയതും, മൂടി വച്ചതുമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. പഴക്കമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കണം.
വസ്ത്രധാരണണം: മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് വസ്ത്രങ്ങൾ അലക്കിയുണങ്ങുക എന്നത്. മഴ തോരാതെ വരുന്നതോടെ വസ്ത്രങ്ങൾ ഉണങ്ങിക്കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പലരും ചെറിയ ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. എന്നാൽ നന്നായി ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ചിലപ്പോൾ ആരോഗ്യത്തെ ദോഷമായി ബാധിക്കാറുണ്ട്. അതുകൊണ്ട് കഴിവതും കട്ടികുറഞ്ഞതും പോളിസ്റ്റർ കൂടിയതുമായ വസ്ത്രങ്ങൾ ഇടാൻ ശ്രദ്ധിക്കണം. ഇത്തരം വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണങ്ങിക്കിട്ടും.
പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ: മഴക്കാലം ആയതിനാൽ പകർച്ചവ്യാധികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം. കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്നുമാണ് കൊതുകുകൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും പരിസരത്തും കൊതുകിന് വളരാൻ സാഹചര്യം ഉണ്ടാക്കികൊടുക്കില്ലെന്ന് ഉറപ്പുവരുത്തണം. കൈയിൽ അത്യാവശ്യത്തിന് വേണ്ട മരുന്നുകളും കരുതിവയ്ക്കാൻ ശ്രദ്ധിക്കണം.
അപകടങ്ങളിൽ നിന്നും മുൻകരുതൽ : കേടായ മേൽക്കൂരകളുള്ള വീടുകളിലും കെട്ടിടങ്ങളിലും കനത്ത മഴയും കാറ്റും ഉള്ളപ്പോൾ താമസിക്കാതിരിക്കുക.., പഴയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ആവശ്യമായ മിനുക്കു പണികൾ നടത്തി അവയുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രം ഈ സ്ഥലങ്ങളിൽ താമസിക്കുക.. അതുപോലെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. വൈദ്യുതി കമ്പികളിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. മഴക്കാലങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാൽ എമർജൻസി ലൈറ്റ്, ടോർച്ച്, മെഴുകുതിരി തുടങ്ങിയവ കരുതിവയ്ക്കണം.
Read also: അന്ന് പാന്റിന് മേലെ മുണ്ടുടുത്ത് സ്റ്റേജില് നിന്ന ആ കലാകാരന് ഇന്ന് മലയാള സിനിമയിലെ കോമഡി കിങ്; വൈറലായൊരു പഴയകാല ചിത്രം
ഇഴജന്തുക്കളെ പേടിക്കാതിരിക്കാൻ..:. അഴിച്ചുവച്ചിരിക്കുന്ന ഷൂസ്, ചെരുപ്പ് തുടങ്ങി ചൂട് ലഭിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ ഷൂസുകളും മറ്റും ധരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്തുള്ളി വീടിന്റെ പരിസരപ്രദേശങ്ങളിൽ ചതച്ചിടുന്നത് ഇഴജന്തുക്കൾ വരാതിരിക്കാൻ സഹായിക്കും. ഇടയ്ക്കിടെ കുന്തിരിക്കം പോലുള്ളവ പുകയ്ക്കുന്നത് ചെറുപ്രാണികൾ വരാതിരിക്കാൻ സഹായിക്കും.
വീടുകളിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാസ്കിനൊപ്പം കുടയോ റെയിൽ കോട്ടോ കൈയിൽ കരുതാൻ മറക്കാതിരിക്കുക.
Story Highlights: things to do before monsoon