ടിവി, വൈഫൈ, കൂളർ..അത്യാവശ്യ സൗകര്യങ്ങൾ ഒക്കെയുള്ള ഒരു മോഡേൺ ഓട്ടോറിക്ഷയാണിത്
ടിവി, വൈഫൈ, കൂളർ, പത്രം, മാഗസിനുകൾ, ചാർജിങ് പോയിന്റ്, ടാബ്, ശീതള പാനീയങ്ങൾ തുടങ്ങി ഒരു സാധാരണ വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട് അണ്ണാദുരൈ എന്ന ആളുടെ വാഹനത്തിൽ. എന്തായിരിക്കും ഇത്രയധികം സജ്ജീകരണങ്ങളുള്ള വാഹനം എന്നിപ്പോൾ ചിന്തിക്കുന്നവരുമുണ്ടാകും. പറഞ്ഞ് വരുന്നത് മൾട്ടിപ്ലസ് ബസുകളെകുറിച്ചൊന്നുമല്ല. സാധാരണക്കാരന്റെ വാഹനമായ ഒരു ഓട്ടോറിക്ഷയെക്കുറിച്ചാണ്. ഒരു ഓട്ടോറിക്ഷയിൽ ഇത്രയും സൗകര്യങ്ങളോ എന്ന് ആലോചിക്കുന്നവരെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് അണ്ണാദുരൈ എന്ന ആളും അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും.
യാത്രക്കാർക്കായി ഇത്രയധികം സൗകര്യങ്ങൾ ഒരുക്കിയ ചെന്നൈയിലെ ഈ ഹൈടെക് ഓട്ടോറിക്ഷയിൽ കയറിയാൽ ഇനി ചാർജ് കൂടുതലാകുമോ എന്ന ചിന്തയും വേണ്ട. കാരണം ദൂരത്തിന്റെ അടിസ്ഥാനത്തിൽ പത്ത് രൂപ മുതൽ 25 രൂപ വരെയാണ് ഈ വാഹനത്തിലെ യാത്ര ചിലവ്.
തന്റെ വാഹനത്തിൽ കയറുന്ന ഓരോ ആളുകളും തനിക്ക് ദൈവമാണ്. അവർ നൽകുന്ന പണം ഉപയോഗിച്ചാണ് ഞാൻ അരി വാങ്ങിക്കുന്നത്. അതിനാൽ അവർക്ക് തന്നെക്കൊണ്ട് പറ്റുന്ന എല്ലാ സൗകര്യങ്ങളും നൽകണം എന്നാണ് അണ്ണാദുരൈ തന്റെ വാഹനത്തെക്കുറിച്ച് ഒരിക്കൽ സംസാരിച്ചത്. ഫോൺ പേയും സ്വൈപ്പിങ് മെഷീനുമടക്കം എല്ലാ അത്യധുനീക സജ്ജീകരണങ്ങളും ഉള്ള അദ്ദേഹത്തിന്റെ ഓട്ടോറിക്ഷേക്കുറിച്ച് കേട്ടറിഞ്ഞ് അതിൽ യാത്ര ചെയ്യാൻ എത്തുന്നവരും നിരവധിയാണ്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ധാരാളം ആളുകൾ അദ്ദേഹത്തിന് ഇപ്പോൾ സുഹൃത്തുക്കളായി ഉണ്ട്. ഏകദേശം 35 ഓളം രാജ്യങ്ങളിലായി പടർന്നുകിടക്കുന്നു അദ്ദേഹത്തിന്റെ സൗഹൃദവലയം.
Read also:പാട്ടുവേദിയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച് തേജസും കൂട്ടരും, വിഡിയോ
അതിന് പുറമെ രാജ്യത്ത് ആദ്യമായി ഒരു വെബ്സൈറ്റ് സ്വന്തമായുള്ള ഓട്ടോറിക്ഷ ഡ്രൈവറും അണ്ണാദുരൈ ആണ്. 2014 ലാണ് അണ്ണാദുരൈ വെബ്സൈറ്റ് ആരംഭിച്ചത്.
Story Highlights;This Autorickshaw has all the facilities