മനം കവരുന്ന ഹിമാചൽ കാഴ്ചകളുമായി ആന്റണി വർഗീസും സുഹൃത്തുക്കളും; ശ്രദ്ധനേടി ‘വാബി സബി’

കഴിഞ്ഞ കുറച്ചുനാളുകളായി നടൻ ആന്റണി വർഗീസിന്റെ ഹിമാചൽ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നത്. ഇപ്പോഴിതാ, ആ യാത്രയുടെ നിമിഷങ്ങൾ കോർത്തിണക്കി ഒരുക്കിയ ഒരു യാത്ര വിവരണം ശ്രദ്ധേയമാകുകയാണ്. ആന്റണി വർഗീസും സുഹൃത്തുക്കളും ചേർന്നാണ് ഹിമാചലിലേക്ക് യാത്ര നടത്തിയത്. വാബി സബി എന്ന പേരിൽ പന്ത്രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയാണ് നടനും സുഹൃത്തുക്കളും പങ്കുവെച്ചിരിക്കുന്നത്. പത്തുദിവസം നീണ്ടു നിന്ന യാത്രയുടെ കുഞ്ഞു വിശേഷങ്ങളും മനോഹരമായ മഞ്ഞു കാഴ്ചകളുമാണ് വിഡിയോയുടെ പ്രത്യേകത.

രണ്ട് എപ്പിസോഡുകളായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്. കൽഗയുടെ താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമെല്ലാം ഒരു കഥപോലെ പതിഞ്ഞ താളത്തിൽ മനസ് കീഴടക്കുകയാണ് ഈ വിഡിയോ.

മനോഹരമായ ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ആന്റണി വർഗീസിന്റെ സുഹൃത്തുക്കൾ തന്നെയാണ്. സനി യാസാണ് വാബി സബി സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മിച്ചിരിക്കുന്നത് വൈശാഖ് സി വടക്കേവീടും സനി യാസും ചേർന്നാണ്. ആന്റണി വർഗീസിലൂടെയാണ് യാത്ര വിവരിക്കുന്നത്.

Read More: അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ; ‘പുഷ്പ’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും

അതേസമയം, ഇനി രണ്ടാം ഭാഗവും വരാനിരിക്കുകയാണ്. കൽഗയിൽ നിന്നും ആരംഭിക്കുന്ന യാത്ര മണാലിയിൽ അവസാനിക്കുമ്പോൾ രണ്ടാം ഭാഗത്തിൽ നിറയുന്നത് മണാലിയുടെ കുളിരും കാഴ്ചകളുമാണ്. ഇരുപത്തഞ്ചോളം സിനിമാപ്രവർത്തകർ ചേർന്നാണ് വാബി സ്ബി റിലീസ് ചെയ്തത്.

Story highlights- travel documentary by antony varghese and friends