‘കയാദു മലയാളത്തിൻെറ അഭിമാന താരമായിമാറും’- പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് വിനയൻ

May 30, 2021

തിരുവിതാംകൂറിന്റെ ഇതിഹാസകഥ പങ്കുവയ്ക്കുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. വിനയന്റെ സ്വപ്ന പദ്ധതിയായ പത്തൊൻപതാം നൂറ്റാണ്ട് ഒട്ടേറെ താരങ്ങളുമായാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ, ചിത്രം നായകന്മാരുടേത് മാത്രമല്ല എന്ന് പങ്കുവയ്ക്കുകയാണ് സംവിധായകൻ.

വിനയന്റെ കുറിപ്പ്;

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു. ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊൻപതാം നൂറ്റാണ്ട്”.

Read More: ഇട്ടിയവരയാകാനുള്ള ബിജു മേനോന്റെ തയ്യാറെടുപ്പുകൾ- ശ്രദ്ധനേടി ‘ആർക്കറിയാം’ മേക്കിംഗ് വിഡിയോ

ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..അതുപോലെ തന്നെ “പത്തൊൻപതാം നൂറ്റാണ്ടി”ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ.

Story highlights- vinayan about pathonpatham noottandu movie