അത്ഭുതമായി വേരിൽ ഒരുങ്ങിയ പാലം; ലിവിങ് റൂട്ട് ബ്രിഡ്ജിലൂടെ ദിവസേന സഞ്ചരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ
പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ചകളിൽ ഒന്നാണ് ലിവിങ് റൂട്ട് ബ്രിഡ്ജുകൾ. മരത്തിന്റെ വേരുകൾകൊണ്ട് നദിക്ക് കുറുകെ മനോഹരമായ ഒരു പാലം നിർമ്മിച്ചിരിക്കുന്നു. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. ഒരേസമയം അമ്പതോളം ആളുകൾക്ക് സഞ്ചരിക്കാവുന്ന ഈ പാത യാത്രയ്ക്ക് അനുയോജ്യമായത് ഏകദേശം 180 ഓളം വർഷങ്ങൾക്ക് മുമ്പാണ്.
ഫിഗസ് എലാസ്റ്റക്ക എന്നറിയപ്പെടുന്ന ഈ മരത്തിന്റെ വേരുകൾ പൂർണമായും വളരാൻ ഏകദേശം പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് എടുക്കുക. ഒരു മരം ആരോഗ്യത്തോടെ ഇരിക്കുന്ന അത്രയും കാലം ഇവയുടെ വേരുകൾ വളർന്നുകൊണ്ടേയിരിക്കും. അത്ഭുതപ്പെടുത്തുന്ന നീളത്തിലും ബലത്തിലുമാണ് ഈ വേരുകൾ വളരുക.
ഈ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ശക്തമായ മഴയും കാറ്റും ഉണ്ടായാൽ നദിക്ക് കുറുകെ കടക്കുക അസാധ്യമായിരുന്നു. ആദ്യകാലങ്ങളിൽ മുളകൾ കൊണ്ടുള്ള ചങ്ങാടങ്ങളിലൂടെയുംമറ്റുമായിരുന്നു ഇവർ നദി കടന്നിരുന്നത്. എന്നാൽ ആ യാത്രകൾ മഴക്കാലത്ത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായി. തുടർന്ന് ഫിഗസ് എലാസ്റ്റക്ക മരത്തിന്റെ വേരുകൾ ഉപയോഗിച്ചുള്ള ഒരു പാലം എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ആശയത്തിലേക്ക് ഗ്രാമവാസികൾ കടക്കുകയായിരുന്നു. എന്നാൽ ഇത് യാത്രക്ക് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ വേരുകളിലൂടെയായി പ്രദേശവാസികളുടെ യാത്ര. അതേസമയം ഈ പ്രദേശത്തെ ചില റൂട്ട് ബ്രിഡ്ജുകൾക്ക് 500 വർഷത്തിലേറെ പഴക്കമുണ്ട്.
Story Highlights:A Marvel Of Nature- living root bridges