മലർ ജോർജിനെ മറന്നതോ ഒഴിവാക്കിയതോ? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി അൽഫോൺസ് പുത്രൻ
മലയാളികൾക്കിടയിൽ ഒരു പുതുതരംഗം സൃഷ്‌ടിച്ച സിനിമയാണ് പ്രേമം. അൽഫോൺസ് പുത്രൻ എന്ന മികവുറ്റ സംവിധായകനെയും ഒട്ടേറെ താരങ്ങളെയും സിനിമാലോകത്തിന് സമ്മാനിച്ച സിനിമയാണ് പ്രേമം. ആറുവർഷം മുൻപ് റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരറാണി സായ് പല്ലവി സിനിമാലോകത്തേക്ക് എത്തിയത്.
ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപത്രത്തിന്റെ കാമുകയായിരുന്നു തുടക്കത്തിൽ മലർ എന്ന കഥാപാത്രമായെത്തിയ സായ് പല്ലവി. എന്നാൽ, പിന്നീട് ഒരു ആക്സിഡന്റിൽ എല്ലാ ഓർമകളും നഷ്ടമായ മലർ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു.
ഒടുവിൽ ജോർജിന്റെ വിവാഹത്തിനും മലർ എത്തുന്നുണ്ട്. അന്നും ഇന്നും സിനിമ കണ്ട എല്ലാവർക്കുമുള്ള സംശയമാണ് മലരിന് ക്ലൈമാക്‌സിൽ ഓർമ്മ തിരികെ ലഭിച്ചിരുന്നോ എന്നത്. മലരിന് ശെരിക്കും ഓർമ്മ നഷ്ടമായിരുന്നോ എന്നും അതോ അഭിനയിച്ചതാണോ എന്നുമൊക്കെ ചോദ്യം ഉയർന്നിരുന്നു.
ഇപ്പോഴിതാ, ആ സംശയത്തിന് സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ മറുപടി നൽകുകയാണ്. സ്റ്റീവൻ മാത്യു എന്ന ആരാധകന്റെ കമന്റിനാണ് അൽഫോൺസ് പുത്രൻ മറുപടി പറഞ്ഞത്. ‘ മലരിന് ഓർമ്മ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഓർമ്മ തിരികെ കിട്ടിയപ്പോൾ അവൾ ചിലപ്പോൾ അറിവഴകനുമായി സംസാരിച്ചിരിക്കാം. അവൾ അവിടെയെത്തുമ്പോൾ ജോർജ് സെലിനൊപ്പം സന്തോഷവാനാണ് എന്ന് മനസിലാക്കുന്നു. എന്നാൽ, മലരിന്റെ സൂപ്പർ എന്ന ആംഗ്യത്തിലൂടെ അവൾക്ക് ഓർമ്മ തിരികെ കിട്ടിയതായി ജോർജിന് മനസിലാകുന്നു. അത് സംഭാഷണത്തിലൂടെ പറയുന്നില്ല. ആംഗ്യത്തിലൂടെയും ഹാർമോണിയത്തിനു പകരം വയലിനിലൂടെയും പറയുകയാണ്. അവസാനമാണ് മലരിന് ഓർമ്മ തിരികെ ലഭിക്കുന്നത്’. അൽഫോൺസ് കുറിക്കുന്നു.
മലയാളികൾക്ക് പുതിയൊരു പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമം’. സൂപ്പർ താരങ്ങളില്ലാതെ, പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. മൂന്നു കാലഘട്ടങ്ങളിലൂടെ ജോർജിന്റെ പ്രണയകാലം പാഞ്ഞ ചിത്രത്തിൽ നായികമാർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ സൂപ്പർ നായികയായി പിന്നീട് മാറിയ സായ് പല്ലവിയുടെ ആദ്യ ചിത്രമായിരുന്നു ‘പ്രേമം’. ഇന്നും ചിത്രത്തിലെ മലർ മിസ്സെന്ന പേരിലാണ് സായ് പല്ലവി അറിയപ്പെടുന്നത്.
Read More: ദീപക് ദേവിന്റെ തമാശ കാരണം മിയക്കുട്ടിക്ക് കിട്ടിയത് ഒരു ഗംഭീര സമ്മാനം- വിഡിയോ
നിരവധി ഭാഷകളിലേക്ക് ‘പ്രേമം’ റീമേക്ക് ചെയ്തിരുന്നു. നിവിൻ പോളി, ഷറഫുദ്ധീൻ, സിജു വിൽസൺ തുടങ്ങിയവർക്ക് ആരാധകരെ ലഭിച്ചതും ‘പ്രേമ’ത്തിലൂടെയാണ്.
Story highlights- alphonse puthren about malar character