മഴയെത്തുംമുൻപ് ഒരു മനോഹര നൃത്തവുമായി ശോഭന- വിഡിയോ

June 30, 2021

നർത്തകിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ താരമാണ് ശോഭന. ഒട്ടേറെ നൃത്തവിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശോഭന പങ്കുവയ്ക്കാറുണ്ട്. കലാർപ്പണ എന്ന ഡാൻസ് സ്‌കൂളുമായി ചെന്നൈയിൽ തിരക്കിലാണ് നടി. അതിനിടയിലാണ് വിദ്യാർത്ഥികൾക്കും മറ്റു നൃത്താധ്യാപകർക്കും ഒപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, മനോഹരമായൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് ശോഭന.

മഴക്കാറ് മൂടിനിൽക്കുന ആകാശത്തിന്റെ പശ്ചാത്തലത്തിൽ പൗരാണികമായ ഒരു മ്യൂസിയത്തിലാണ് ശോഭന നൃത്തം ചെയ്യുന്നത്. ശോഭനയുടെ വിദ്യാർത്ഥികളും ഒപ്പമുണ്ട്. മഴയെത്തും മുൻപുള്ള ആകാശത്തിന്റെ ചാരുതയിൽ അതിമനോഹരമാണ് നൃത്തം.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read More: 23 വർഷങ്ങൾക്ക് മുൻപ് ദേശീയ പുരസ്കാരം നേടിയ ചുവടുകളുമായി മഞ്ജു വാര്യർ- വിഡിയോ

അഭിമുഖങ്ങളോട് പോലും അകലം പാലിച്ചിരുന്ന ശോഭന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം,  നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights- amazing dance performance by shobhana and students