അമ്മയുടെതായി അവശേഷിച്ച ഏക ചിത്രത്തിന് നിറംനൽകുമോ എന്ന് മകൻ; നിറത്തിനൊപ്പം മനസ് നിറച്ച ചിരിയും നൽകി ഒരു കലാകാരൻ
എന്നും കൂടെ ഉള്ളവർ ഓർമ്മയാകുമ്പോഴുള്ള വേദന സഹിക്കാനാകുന്നതിലും അപ്പുറമാണ്. ഒരിക്കലും തിരികെ വരാത്തവിധം പോയ്മറഞ്ഞവരുടേതായി പിന്നീട് ബാക്കിയാകുന്നത് നല്ല നിമിഷങ്ങളും ചിത്രങ്ങളുമൊക്കെയാണ്. സ്മാർട്ട് ഫോണുകളും ക്യാമറയുമൊക്കെ സജീവമായതോടെ എല്ലാവരുടെയും ചിത്രങ്ങളൊക്കെ ഫോൺ ഗ്യാലറികളിൽ എങ്കിലും ഉണ്ടാകും. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ഓർമകളിലേക്ക് യാത്രയായ ചിലരുടേതായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമൊക്കെയേ കാണു.
കോഴിക്കോട് സ്വദേശിയായ നിഖിലെന്ന മകനും അമ്മയുടേതായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മാത്രമാണുണ്ടായിരുന്നത്. ‘ഇതെന്റെ മരിച്ചുപോയ അമ്മയുടെ ചിത്രമാണ് സുഹൃത്തുക്കളെ.. ഈ ലോകത്ത് എന്റെ അമ്മയെ ഓർക്കാനുള്ള അവശേഷിക്കുന്ന ഏക ചിത്രം. ഇതൊന്നു കളറാക്കി തരുമോ?’ എന്ന ചോദ്യവുമായി നിഖിൽ ട്രോൾ മലയാളം മീം എന്ന ഗ്രൂപ്പിലാണ് അമ്മയുടെ ചിത്രം പങ്കുവെച്ചത്.
ഗ്രൂപ്പിലെ ഫോട്ടോഷോപ്പ് പ്രാവീണ്യമുള്ളവർക്ക് മുന്നിലേക്ക് ചിത്രം എത്തിക്കുമ്പോൾ നിറമുള്ള ചിത്രം എന്നേ നിഖിൽ പോലും വിചാരിച്ചിരുന്നുള്ളു. ഇതിനുപകരം അഭിലാഷ് പി എസ് എന്ന തിരുവനന്തപുരം സ്വദേശി നൽകിയത് ഒരു അത്ഭുതം തന്നെയാണ്. അമ്മയുടെ ചിത്രം കളറാക്കിയതിനൊപ്പം മനോഹരമായൊരു ചിരിയും ആ മുഖത്തേക്ക് അഭിലാഷ് ചേർത്തുവെച്ചു.
Read More: ‘ഡോൾമ അമ്മായി ഒരു ചായ..’- വീണ്ടും ചിരിപടർത്തി കുഞ്ഞുമിടുക്കികൾ
സമൂഹമാധ്യമങ്ങളിൽ വളരെയധികം ഹിറ്റായിരിക്കുകയാണ് ഈ മനോഹരമായ ചിത്രം. അമ്മയെ ഇത്രയും സന്തോഷത്തോടെ ചിരിച്ചുകണ്ടിട്ടില്ല എന്നാണ് മകൻ നിഖിൽ ചിത്രത്തിന് കമന്റ്റ് ചെയ്തത്.
Story highlights- amazing restoration of old picture