‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തി’- അനുപമ പരമേശ്വരന്റെ രസകരമായ വിഡിയോ പങ്കുവെച്ച് തെലുങ്ക് നടൻ

June 9, 2021

സായി പല്ലവിയുടെതായി ഒരു ഗാനമെങ്കിലും ഓരോ ചിത്രത്തിലും ഹിറ്റായി മാറാറുണ്ട്. അടുത്തിടെ ഹിറ്റായ ഗാനമാണ് സാരംഗ ദരിയ. ഒട്ടേറെ പേരാണ് ഈ ഗാനത്തിന് നൃത്തം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, നടി അനുപമ പരമേശ്വരൻ നൃത്തം ചെയ്യുന്ന വിഡിയോ 18 പേജസ് എന്ന സിനിമയിൽ അനുപമയുടെ നായകനായ നിഖിൽ സിദ്ധാർത്ഥ പങ്കുവയ്ക്കുന്നു.

ഷൂട്ടിങിനിടെയുള്ള അനുപമയുടെ നിമിഷങ്ങളാണ് നിഖിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തി’ എന്ന് പറഞ്ഞുകൊണ്ടാണ് നിഖിൽ വിഡിയോ പങ്കുവയ്ക്കുന്നത്. പോസ്റ്ററിനായി പോസ് ചെയ്യുന്നതിനിടയിൽ പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് നടി.

അനുപമ പരമേശ്വരൻ നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് 18 പേജസ്. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായാണ് അനുപമ വേഷമിടുന്നത്.  ഒരു പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ജി‌എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർന്ന് നിർമ്മിക്കുന്ന ’18 പേജസിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംവിധായകൻ സുകുമാറാണ്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ‘അ ആ’ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കിൽ ശ്രദ്ധ നേടിയത്. ബോക്സോഫീസിൽ ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രേമം, ശതമാനം ഭവതി, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു തുടങ്ങിയ ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.

Read More: ‘എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സിനിമ’- ‘ഹണി ബീ’ ഓർമ്മകളിൽ ഭാവന

അതേസമയം, തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Story highlights- anupama parameswaran’s funny video