രത്നങ്ങൾ ഒളിപ്പിച്ച ഭൂമിക്കടിയിലെ സുന്ദരനഗരം
ഭൂമിക്കടിയിലെ മറ്റൊരു ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..സാധാരണ ആളുകൾ താമസിക്കുന്നതുപോലെ വീടുകളും ഹോട്ടലുകളും ആരാധനാലയങ്ങളുമൊക്കെയായി ഒരു ഇടം. എങ്കിൽ അങ്ങനെ ഒരിടമുണ്ട് അങ്ങ് ഓസ്ട്രേലിയയിൽ. ഒന്നും രണ്ടുമല്ല നൂറ് വർഷത്തോളമായി ഭൂമിക്കടിയിലെ ഈ ഗ്രാമത്തിൽ ആളുകൾ താമസിക്കുന്നുണ്ട്. ലോകത്തിന്റെ ഓപൽ (ക്ഷീരസ്ഫടികം) തലസ്ഥാനം എന്നറിയപ്പെടുന്ന കൂബർ പെഡി എന്ന നഗരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഭൂമിക്കടിയിലെ ഈ ഇടത്തിലേക്ക് ഇറങ്ങിച്ചെന്നാൽ ഇടയ്ക്കിടയ്ക്കായി ആർട്ട് ഗ്യാലറിയും, പള്ളികളും, ഹോട്ടലുകളും, ബാറുകളും..കിടപ്പുമുറികളും സന്ദർശനമുറികളുമൊക്കെ കാണാം. ഭൂമിക്കടിയിലെ ഈ പ്രദേശത്ത് സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ കൃത്രിമ ബൾബുകൾ ഘടിപ്പിച്ചിട്ടുണ്ട്. പച്ചപ്പിനായി ലോഹങ്ങൾ കൊണ്ടുള്ള മരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്ന് നോക്കിയാൽ ആദ്യകാഴ്ചയിൽ വെറും തരിശുഭൂമി എന്ന് മാത്രമേ ഈ പ്രദേശത്തെ തോന്നുകയുള്ളൂ. എന്നാൽ അകത്ത് കയറിയാൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. കാഴ്ചയിലുള്ള ഈ ഭംഗിയ്ക്ക് പുറമെ നിരവധിയാണ് ഈ നഗരത്തിന്റെ പ്രത്യേകതകൾ.
രത്നങ്ങളുടെ അമൂല്യശേഖരം നിറച്ച ഇടമാണ് കൂബർ പെഡി. ക്ഷീരസ്ഫടികം (ഓപൽ) എന്നറിയപ്പെടുന്ന അപൂർവ രത്നത്തിന്റെ കലവറയാണ് ഈ പ്രദേശം. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായ ക്ഷീര സ്ഫടികങ്ങൾ ഇവിടുത്തെ ഭിത്തികളിൽ വരെ ഇവർ പതിപ്പിച്ചിട്ടുണ്ട്.
Read also: ‘വിജനസുരഭീ വാടികളില്’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം
ആദ്യകാലങ്ങളിൽ ഈ അപൂർവ രത്നം തേടി നിരവധിയാളുകൾ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ ഇവിടുത്തെ അസഹനീയമായ ചൂടും കാലാവസ്ഥയും സഹിക്കാൻ കഴിയാതെ വന്നു. ഇതിൽ നിന്നും രക്ഷ നേടുന്നതിനായി ഇവിടെത്തുന്നവർ ഭൂമിക്കടിയിൽ കുഴികൾ നിർമ്മിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ നിരവധി കുഴികൾ ഉണ്ടായതോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇവിടുത്തെ ആളുകൾ ഈ കുഴികൾ വാസയോഗ്യമാക്കി അവിടെ സ്ഥിരതാമസം തുടങ്ങി. അങ്ങനെയാണ് ഭൂമിക്കടിയിൽ ഇത്ര മനോഹരമായ ഒരു നഗരംതന്നെ ഉണ്ടായത്.
Story Highlights:Coober pedy the australian mining town