‘വെറുതെയിരിക്കണ നേരം അമ്മേനേം അമ്മൂമ്മേനേമൊക്കെ സഹായിച്ചൂടേ?’; അച്ഛനെ കടമകൾ പഠിപ്പിച്ച് കുട്ടികുറുമ്പികൾ- വിഡിയോ

June 14, 2021

പുതിയ തലമുറയിലെ കുട്ടികൾ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും സ്വന്തം വീട്ടിലെ ദൈനംദിന സംഭവങ്ങളെക്കുറിച്ചുമെല്ലാം വളരെയധികം ബോധ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ പലപ്പോഴും വളരെ രസകരമെന്നു തോന്നാമെങ്കിലും കുഞ്ഞുമക്കൾ പറയുന്ന കാര്യങ്ങൾ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു രസകരമായ സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്.

അമ്മയെയും അമ്മൂമ്മയേയും സഹായിക്കാതെ വെറുതെ ഇരിക്കുന്ന അച്ഛനെ കടമകൾ പഠിപ്പിക്കുകയാണ് രണ്ടു കുഞ്ഞു പെൺകുട്ടികൾ. കെ വി മണികണ്ഠന്റെ മക്കളാണ് അച്ഛനെ രസകരമായി വീട്ടിൽ നിർവഹിക്കേണ്ട കടമകളെപ്പറ്റി പറയുന്നത്. ദീപ നിശാന്താണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘അച്ഛനീ വീട്ടില് വല്ല പണിയുമുണ്ടോ?വെറുതെയിരിക്കണ നേരം അമ്മേനേം അമ്മൂമ്മേനേമൊക്കെ സഹായിച്ചൂടേ ? എന്നൊക്കെയാണ് ഈ മിടുക്കികൾ ചോദിക്കുന്നത്. ഇതിനു മറുപടിയായി ‘അച്ഛൻ ഇരുപതു വയസ്സില് ഗൾഫിൽ പോയിട്ട് മണലാരണ്യത്തില് കഷ്ടപ്പെട്ട് പണിയെടുത്തു’ എന്നൊക്കെയാണ് അച്ഛൻ പറയുന്നത്. എന്നിട്ടും ഈ മിടുക്കികൾ ‘വിട്ടുകൊടുക്കുന്നില്ല. ‘അതൊന്നും എപ്പളും പറയണ്ട… അച്ഛനീ വീട്ടിലൊരു കടമയൊന്നൂല്ലേ..അമ്മയുണ്ടാക്കണ ദോശ തിന്നല് മാത്രല്ലേ ഉള്ളു?’. ഇങ്ങനെ നീളുന്നു ഈ കുറുമ്പുകളുടെ സംസാരം.

കുട്ടികളുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ദീപ നിശാന്ത് കുറിക്കുന്നു;

“അച്ചനീ വീട്ടില് വല്ല പണിയുമുണ്ടോ?വെറുതെയിരിക്കണ നേരം അമ്മേനേം അമ്മൂമ്മേനേമൊക്കെ സഹായിച്ചൂടേ ?”അച്ഛൻ ഇരുപതു വയസ്സില് ഗൾഫീ പോയിട്ട് മണലാരണ്യത്തില് കഷ്ടപ്പെട്ട് പണിയെടുത്തിട്ട്…. ബ്ബ ബ്ബ ബ്ബ ബ്ബ “”അതൊന്നും എപ്പളും പറയണ്ട… അച്ചനീ വീട്ടിലൊരു കടമയൊന്നൂല്ലേ..? അമ്മയുണ്ടാക്കണ ദോശ തിന്നല് മാത്രല്ലേള്ളോ… “” കടമയോ എന്തൂട്ട് കടമ.. ബ് ബ. ..ബ്ബ…ബ്ബ..””ഈ ചൂലെടുത്ത് വീട് വൃത്തിയാക്കിക്കൂടേ… വല്ലിച്ചനൊക്കെ നല്ലോണം പണിയെടുക്കാറില്ലേ… അതേപോലെ ചെയ്തൂടേ? വല്ലിച്ചനും ഒരച്ചൻ തന്ന്യല്ലേ? വല്ലിച്ചൻ അച്ചനെപ്പോലൊന്നല്ല.. അച്ചനെപ്പോലെ ഇങ്ങനെ പാപ്പുക്കൊതിയനല്ല…”ഞാനീ ചാരുകസേരയിലിരുന്ന് എഴുതണില്ലേ.. വായിക്കണില്ലേ…. ബ് ബ. ..ബ്ബ…ബ്ബ..””ഇതാണോ കടമ..? വല്ല പക്ഷികളേം വാങ്ങിത്തരാ.. അതിന് തീറ്റേം വെള്ളോം കൊടുക്ക്””പട്ടികളെയാ?””പട്ടികളല്ല..പക്ഷികള്… പക്ഷികള്….പറക്കണ പക്ഷികള്…”

പിള്ളേര് പൊളിയുമാണ്… വൻ പൊളിറ്റിക്കലുമാണ്…ആശംസകൾ സുഹൃത്തേ… ജീവനിൽ കൊതിയുണ്ടെങ്കി ആ ചൂലെടുത്ത് പണി തുടങ്ങിക്കോ..

Story highlights- deepa nisanth’s funny facebook post