ശാരീരിക പ്രത്യേകതകൾക്കൊണ്ട് സ്കൂളിലെ പരിപാടികളിൽ നിന്നുപോലും മാറ്റിനിർത്തപ്പെട്ടു; ആത്മവിശ്വാസം കൊണ്ട് ജീവിതവിജയം കൈവരിച്ച യുവതി
ജീവിതത്തിൽ ചെറുപ്പം മുതൽ നിരവധിയിടങ്ങളിൽ നിന്നും മാറ്റിനിർത്തലുകളും അവഗണനകളും അനുഭവിച്ചതാണ് അമ്പനി ഗാർഗ് എന്ന യുവതി. ജനിച്ചതുമുതൽ നിരവധി പ്രത്യേകതകൾക്ക് ഉടമയായിരുന്നു അമ്പനി. വെളുത്ത മുടികളോടെ ജനിച്ച പെൺകുട്ടിയെ വീട്ടുകാരും സുഹൃത്തുക്കളുമടക്കം പലയിടങ്ങളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. നാലാം വയസിലാണ് അമ്പനിയ്ക്ക് ആൽബിനസം എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
ചെറുപ്പം മുതൽ ഈ രോഗത്തിന് അടിമയായിരുന്നതിനാൽ വെയിലത്ത് പുറത്തിറങ്ങാനോ മറ്റുള്ളവരെപ്പോലെ നടക്കാനോ അമ്പനിയ്ക്ക് കഴിഞ്ഞിരുന്നില്ല. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഈ അസുഖത്തിന്റെ പേരിൽ ടീച്ചർ പോലും അമ്പനിയെ സ്കൂളിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത് അമ്പനിയുടെ ജീവിതത്തിൽ വലിയ മുറിവായി മാറിയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അവൾ സ്വയം ഒതുങ്ങിക്കൂടാൻ തുടങ്ങി.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്പനി ഇതേ അസുഖം ബാധിച്ച മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. ആ കുട്ടിയുടെ വാക്കുകളാണ് പിന്നീട് അമ്പനിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായത്. പലയിടങ്ങളിൽ നിന്നും പിന്നീടും തുറിച്ചുനോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അമ്പനി മുന്നേറി. പഠനത്തിന് ശേഷം ജോലിയ്ക്ക് അപേക്ഷിച്ച ഇടങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് ഈ പെൺകുട്ടിയെ കാത്തിരുന്നത്.
ഇരുപത്തിരണ്ടാമത്തെ വയസിൽ അമ്പനി ഒരു എൻജിഓയിൽ സേവനം ആരംഭിച്ചു. അങ്ങനെ നിരവധി ആൽബനിസം ബാധിച്ച കുട്ടികളെ കണ്ടെത്താനും അവർക്ക് കരുത്ത് പകരാനും അമ്പനിയ്ക്ക് സാധിച്ചു. ഇതിന് പുറമെ വേൾഡ് ആൽബനിസം ദിനത്തിൽ യു എന്നിൽ സംസാരിക്കാനുള്ള അവസരവും അമ്പനിയ്ക്ക് ലഭിച്ചു. ഇപ്പോൾ നിരവധി ആളുകൾക്ക് പ്രചോദനമാകുകയാണ് ഡയറ്റീഷൻ കൂടിയായ അമ്പനിയുടെ ജീവിതം.
Story highlights; girl fight against albinism