പ്രണയവും പ്രതികാരവുമായി ‘ഹസീൻ ദിൽറുബ’; ട്രെയ്‌ലർ

June 11, 2021

ബോളിവുഡിൽ സജീവമാകുകയാണ് നടി തപ്‌സി പന്നു. ഹസീൻ ദിൽറുബ എന്ന സിനിമയാണ് ഇനി തപ്‌സി നായികയായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. നെറ്റ്ഫ്ലിക്സ് റിലീസായി എത്തുന്ന ചിത്രം ഒരു ത്രികോണ പ്രണയ കഥ പറയുന്നു മിസ്റ്ററി ത്രില്ലറാണ്. തപ്‌സി പന്നുവിനൊപ്പം വിക്രാന്ത് മാസ്സിയും ഹർഷവർധൻ റാണെയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

വിനിൽ മാത്യു സംവിധാനം ചെയ്ത ഹസീൻ ദിൽറുബയുടെ സംഭാഷണവും തിരക്കഥയും കനിക ധില്ലോൺ ആണ്. ഒരു കൊലപാതകവും അതിനെത്തുടർന്നുള്ള രഹസ്യങ്ങളുടെ കണ്ടെത്തലുകളുമാണ് ചിത്രം. ജൂലൈ 2 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

ഹസീൻ ദിൽറുബ കഴിഞ്ഞ വർഷം സെപ്റ്റംബർ 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം റിലീസ് നീളുകയായിരുന്നു. ടി-സീരീസ്, കളർ യെല്ലോ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജൂലൈ 2 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കും.

അതേസമയം, അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തപ്‌സി പന്നു നായികയാകുന്ന ടൈം ട്രാവലർ ചിത്രം ഒരുങ്ങുന്നു. ദൊബാര എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങുകയാണ് തപ്‌സി. മിതാലിയാകാനുള്ള തപ്സിയുടെ പരിശീലനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. രാഹുൽ ദോലാക്കിയ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊവിഡിനെത്തുടർന്ന് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പ്രിയ ഏവൻ ആണ്.

Read More: ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ; വിഡിയോ

അതോടൊപ്പം, മറ്റൊരു കായിക ചിത്രത്തിലും തപ്‌സി വേഷമിടുന്നുണ്ട്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന രശ്മി റോക്കറ്റ് എന്ന സിനിമയിലും തപ്സിയാണ് നായിക. പ്രിയാൻഷു പൈൻയുള്ളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലേജിൽ നിന്നും എത്തുന്ന ഒരു പെൺകുട്ടി നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച് കായികലോകത്ത് തന്റേതായ ഇടം നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Story highlights- haseen dilruba trailer