ടെലിവിഷൻ- സിനിമ മേഖലയിലെ ദിവസവേതനക്കാർക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്ത് ഋത്വിക് റോഷൻ
സിനിമാതാരങ്ങളുടെ ഭാഗത്ത് നിന്നും നിരവധി സഹായങ്ങളാണ് കൊവിഡ് കാലത്ത് ലഭിക്കുന്നത്. ഇപ്പോഴിതാ, നടൻ ഋത്വിക് റോഷൻ 20 ലക്ഷം രൂപയുടെ സഹായമാണ് സിനി, ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനിലെ അംഗങ്ങൾക്കായി ചെയ്തത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അംഗങ്ങളെ സഹായിക്കാൻ താരം 20 ലക്ഷം രൂപ അസോസിയേഷന് സംഭാവന ചെയ്യുകയും അവർക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും ഋത്വിക് റോഷൻ ജനങ്ങളെ സഹായിക്കാൻ എത്തിയിരുന്നു. അന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു താരം. ഇത്തവണ നൽകിയ തുക 5000 അംഗങ്ങൾക്ക് സഹായകമാകും എന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. നടൻ വിക്കി കൗശലും രണ്ടര ലക്ഷം രൂപ സംഘടനയിലേക്ക് സംഭാവന ചെയ്തിരുന്നു.
Read More: അപകടത്തിൽപ്പെടുന്നവർക്ക് കരുതലായി എത്തുന്ന ഡോക്ടർ; ഇതിനോടകം ജീവൻ രക്ഷിച്ചത് ആയിരക്കണക്കിന് ആളുകളുടെ…
സിൻടിഎഎ അംഗങ്ങളിൽ 60 ശതമാനവും ദിവസവേതനക്കാരാണ്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ കാലം അവരെയാണ് ഏറ്റവുമധികം ബാധിച്ചതും. അതേസമയം, കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വളരെയധികം സഹായങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും രാജ്യത്തിന് ലഭിക്കുന്നത്. ബോളിവുഡ് സിനിമാ താരങ്ങളുടെ സഹായം വളരെ മികച്ച രീതിയിൽ തന്നെ ലഭിക്കുന്നുണ്ട്.
Story highlights- Hrithik Roshan donates Rs 20 lakh to CINTAA