24 മണിക്കൂറിനിടെ 1.2 ലക്ഷം കൊവിഡ് രോഗികള്‍; 54 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

June 1, 2021
new Covid cases

രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. നേരിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,27,510 പേര്‍ക്കാണ്. 54 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

രാജ്യത്താകെ ഇതുവരെ 2,81,75,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,59,47,629 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 18,95,520 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ 2,795 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3,31,895 പേരുടെ ജീവനാണ് രാജ്യത്താകെ കൊവിഡ് ഇതുവരെ കവര്‍ന്നത്.

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡിനെതിരെയുള്ള പോരാട്ടം നാം തുടരണം.

Story highlights: India reported 1,27,510 new Covid cases