കാണാന്‍ സാധിക്കാത്ത ആ ശില്പത്തിന്റെ വില 13 ലക്ഷം രൂപ
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. അദൃശ്യമായ ഒരു കലാസൃഷ്ടി വിറ്റുപോയത് 13 ലക്ഷം രൂപയ്ക്കാണ്. ഇറ്റാലിയന്‍ കലാകാരനായ സാല്‍വദോര്‍ ഗരാവോ ആണ് ഈ അപൂര്‍വ കലാസൃഷ്ടിക്ക് പിന്നില്‍. കാണാന്‍ സാധിക്കില്ല എന്നതാണ് ഈ ശില്പത്തിന്റെ പ്രത്യേകത. അതായത് ശില്പത്തിലേക്ക് നോക്കിയാല്‍ അവിടെ ഒന്നുമില്ല. വെറും ശൂന്യമായ അവസ്ഥ.
പിന്നെ എങ്ങനെ ഈ ശില്പം വിശ്വസിച്ചു വാങ്ങി എന്നാവും പലരുടേയും സംശയം. അതിനും ഉത്തരമുണ്ട്. ഈ ചിത്രം യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്ന ആധികാരികമായ രേഖയും വാങ്ങുന്നയാള്‍ക്ക് നല്‍കിയിട്ടുണ്ട്. ലോ സൊനോ എന്നാണ് ഈ കലാസൃഷ്ടിക്ക് ചിത്രകാരന് നല്‍കിയിരിക്കുന്ന പേര്. ഞാന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
മുന്‍പ് ഒരിക്കല്‍ മിലാനിലെ പിയാസ ഡെല്ലാ സ്കാലയില്‍ സാല്‍വദോര്‍ ഗരാവോ ഇത്തരത്തിലുള്ള മറ്റൊരു അദൃശ്യ ശില്പവും പ്രദര്‍ശിപ്പിച്ചിരുന്നു. ബുദ്ധ ഇന്‍ കണ്ടംപ്ലേഷന്‍ എന്നായിരുന്നു ആ കലാസൃഷ്ടിക്ക് അദ്ദേഹം നല്കിയ പേര്. അതേസമയം ഈ കലാസൃഷ്ടിയെ വിമര്‍ശിക്കുന്നവരും ഏറെയാണ്. എന്തിനേയും ഏതിനേയും കല എന്ന് വിശേഷിപ്പിക്കരുത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ അദ്യശ്യമായ ഈ ശില്പം നിറയെ ഊര്‍ജമാണെന്നും ഊര്‍ജ്ജമല്ലാതെ മറ്റൊന്നും അതില്‍ ഇല്ലെന്നും കലാകാരന് അവകാശപ്പെടുന്നു. ഈ ഊര്‍ജം ബാഷ്പീകരിക്കപ്പെട്ട് നമ്മളിലേക്ക് തന്നെ എത്തപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. എന്തായാലും കാഴ്ചയില്‍ വെറും ശൂന്യമാണെങ്കിലും 13 ലക്ഷം രൂപയ്ക്ക് ആ കലാസൃഷ്ടി വിറ്റുപോയി എന്നതുതന്നെയാണ് കൗതുകകരം.
Story highlights: Invisible sculpture by Italian artist